NEWS

ഫെഡറൽ ബാങ്കിന് 37% ലാഭക്കുതിപ്പ്; കിട്ടാക്കടം ദശാബ്ദത്തിലെ താഴ്ചയിൽ, മൊത്തം ബിസിനസ് 6 ലക്ഷം കോടിയിലേക്ക്, ഓഹരിക്ക് റെക്കോർഡ്


ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന് നടപ്പു സാമ്പത്തിക വർഷത്തെ (2026-27) ആദ്യപാദമായ ഏപ്രിൽ-ജൂണിലെ ലാഭത്തിൽ വമ്പൻ കുതിപ്പ്. മുൻവർഷത്തെ സമാനപാദത്തിലെ 862 കോടി രൂപയിൽ നിന്ന് 37% മുന്നേറ്റവുമായി 1177 കോടി രൂപയുടെ റെക്കോർഡ് ലാഭമാണ് നേടിയതെന്ന് ബാങ്ക് വ്യക്തമാക്കി.പ്രവർത്തനമികവിന്റെ അളവുകോലുകളിൽ മിക്കതിലും കഴിഞ്ഞപാദം മികവുകാട്ടാൻ ഫെഡറൽ ബാങ്കിന് കഴിഞ്ഞു. ഇത് ബാങ്കിന്റെ ഓഹരികളുടെ റെക്കോർഡ് മുന്നേറ്റത്തിനും വഴിവച്ചു. എൻഎസ്ഇയിൽ ഇന്ന് അവസാന സെഷനിലേക്ക് കടക്കുമ്പോൾ ഓഹരിവിലയുള്ളത് 7 ശതമാനം നേട്ടവുമായി 351 രൂപയിൽ.ബാങ്കിന്റെ മൊത്തം ബിസിനസ് 6 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലിന് തൊട്ടരികിലെത്തി. കഴിഞ്ഞപാദത്തിൽ ഇത് 13.05% ഉയർന്ന് 5.97 ലക്ഷം കോടി രൂപയാണ്. മൊത്തം ബിസിനസിൽ കേരളം ആസ്ഥാനമായ ബാങ്കുകളിൽ ഏറ്റവും മുന്നിലാണ് ഫെഡറൽ ബാങ്ക്. ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങൾ 11.37% വർധിച്ച് 3.20 ലക്ഷം രൂപയും വായ്പകൾ 15% ഉയർന്ന് 2.81 ലക്ഷം കോടി രൂപയുമായി. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് അനുപാതം (കാസ റേഷ്യോ) 1.88% ഉയർന്ന് 32.23 ശതമാനമായി. പ്രവാസി നിക്ഷേപം (എൻആർ ഡെപ്പോസിറ്റ്/എൻആർഇ/ഒഎൻആർ) 1.05 ലക്ഷം കോടി രൂപയിലെത്തി; വർധന 14.24%.


Fashion ⏭️

Back to top button