NEWS
ഗ്രീൻഫീൽഡ് ഹൈവേ: കടമ്പകൾ പലത്; ഇടമൺ – ആര്യങ്കാവ് ഭാഗത്തെ നിർമാണം വൻ പ്രതിസന്ധിയാകുമെന്നു സൂചന

തെന്മല ∙ മധുര–കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേ നിർമാണത്തിനു സാങ്കേതിക തടസ്സങ്ങൾ നീക്കാൻ കഴിഞ്ഞാൽ തന്നെ രണ്ടാം റീച്ചിൽ ഉൾപ്പെടുന്ന ഇടമൺ – ആര്യങ്കാവ് ഭാഗത്തെ നിർമാണം വൻ പ്രതിസന്ധിയാകുമെന്നു സൂചന. 2900 കോടി രൂപയുടെ ബൃഹത് പദ്ധതിയിലൂടെ ഇവിടെ പാത പൂർത്തിയാക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നെങ്കിലും പരിസ്ഥിതി ലോല പ്രദേശത്തെ നിർമാണം കടമ്പയാകും. ബ്രിട്ടിഷ് ഭരണകാലത്തു നിർമിച്ച പുനലൂർ–ചെങ്കോട്ട റോഡ് വീതികൂട്ടി ഗ്രീൻഫീൽഡ് ഹൈവേയുടെ ഭാഗമാക്കാനാണു തീരുമാനം.പുതിയ പാത നിർമാണം ഇവിടെ സാധ്യമല്ലെന്നു വ്യക്തമായതോടെ ഉത്തരേന്ത്യയിലെ സ്വകാര്യ സ്ഥാപനം വഴി നടത്തിയ ഉപഗ്രഹ സർവേയുടെ അടിസ്ഥാനത്തിലാണു പുനലൂർ – ചെങ്കോട്ട റോഡ് തിരഞ്ഞെടുത്തത്. ഇപ്പോൾ ചിലയിടങ്ങളിൽ കഷ്ടിച്ചു 10 മീറ്റർ പോലും വീതിയില്ലാത്ത സ്ഥലങ്ങൾ ഈ പാതയിൽ ഉണ്ട്. ഒരു വശത്തു ചെങ്കുത്തായ മലയും റെയിൽവേ ലൈനും മറുവശത്തു നദിയും. ഇവിടെയാണു 30 മീറ്റർ വീതി ആവശ്യമായി വരുന്നത്.
Fashion ⏭️


