NEWS

പിഎം ശ്രീ: സിപിഐയെ കുത്തി സിപിഎം സംസ്ഥാന കമ്മിറ്റി; തിരുത്തി കേന്ദ്രകമ്മിറ്റി


തിരുവനന്തപുരം ∙ പിഎം ശ്രീ വിഷയം വിവാദമാക്കി സിപിഐ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ആയുധം നൽകിയെന്ന സിപിഎം സംസ്ഥാന സമിതിയുടെ അവലോകന റിപ്പോർട്ടിലെ പരാമർശം തള്ളി കേന്ദ്ര കമ്മിറ്റി. ‘തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപ് സിപിഐ പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദമുണ്ടാക്കിയെന്നും ബിജെപിയും സിപിഎമ്മുമായി അന്തർധാരയുണ്ടെന്ന യുഡിഎഫിന്റെ പ്രചാരണത്തിന് ഇതു ഗുണമായി’ എന്നുമാണ് സംസ്ഥാന സമിതിയുടെ അവലോകന റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ.‘ഇത്തരം വിഷയങ്ങളിൽ എൽഡിഎഫിലെ എല്ലാ കക്ഷികളെയും വിശ്വാസത്തിലെടുക്കേണ്ടതു പ്രധാനമായിരുന്നു’ എന്നാണ് കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോർട്ടിൽ തിരുത്തിയത്. ഇത്തരം അനാവശ്യ വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും സി.സി റിപ്പോർട്ടിൽ പറയുന്നു. ഭരണകാലത്ത്, എല്ലാം സർക്കാർ സംവിധാനത്തിനു ചുറ്റുമാണ് കറങ്ങുന്നതെന്നു കരുതി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടേണ്ട കാര്യമില്ലെന്ന് ഭൂരിപക്ഷം കേഡർമാരും ധരിച്ചുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം വർഗ, ബഹുജനസംഘടനകൾ എല്ലാം ഉദ്യോഗസ്ഥർക്കു വിട്ടുകൊടുത്തു. അടിസ്ഥാനവർഗത്തിന്റെ പാർട്ടി എന്ന മൗലികമായ വ്യക്തിത്വം ഇതുവഴി കളഞ്ഞുകുളിച്ചു. ഭരണം മെച്ചപ്പെടുത്താൻ ഓൺലൈൻ സേവനങ്ങളും ഡിജിറ്റൽവൽക്കരണവും അത്യാവശ്യമാണ്. എന്നാൽ, ഇതെല്ലാം വന്നതുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങളിൽ പാർട്ടി ഇടപെടേണ്ടതില്ലെന്ന അർഥമില്ല.


Fashion ⏭️

Back to top button