NEWS
‘അൽപം വിമർശനമാവാം’: ഒടുവിൽ വഴങ്ങി സിപിഎം നേതൃത്വം

തിരുവനന്തപുരം ∙ രൂക്ഷമായ വിമർശനങ്ങൾക്കൊടുവിൽ, വിശാല സംസ്ഥാന സമിതിയോഗത്തിനുള്ള രേഖയിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ സ്വയംവിമർശനപരമായ കാരണങ്ങൾകൂടി സിപിഎം സംസ്ഥാന നേതൃത്വം ഉൾപ്പെടുത്തി. നേതൃത്വത്തിനുണ്ടായ വീഴ്ച കേന്ദ്രകമ്മിറ്റി കണ്ടെത്തിയിട്ടും അതു പറയാതെ, ഭാവി പരിപാടികൾ മാത്രം ചർച്ചചെയ്യുന്നതുകൊണ്ട് എന്തു പ്രയോജനമെന്ന് അംഗങ്ങൾ ചോദിച്ചതോടെയാണു നേതൃത്വം വഴങ്ങിയത്. എന്നാൽ, കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിലുള്ള വിമർശനങ്ങൾ അതേപടി ഉൾപ്പെടുത്താൻ തയാറായില്ല.സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സെക്രട്ടറി എം.വി.ഗോവിന്ദൻ അവതരിപ്പിച്ച കരടുരേഖയിൽ നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ല. സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും ഇത്രയും വിശദമായി തോൽവിയുടെ കാരണങ്ങൾ കണ്ടെത്തിയിട്ടും തിരുത്താനുള്ള രേഖയിൽ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ലെന്ന ചോദ്യം ഉയർന്നിരുന്നു.തിരുത്തലിനുള്ള രേഖ ശുഷ്കമാണെന്നും പ്രവർത്തകർക്കും ജനങ്ങൾക്കും ബോധ്യപ്പെടുന്ന വിധത്തിലുള്ള തിരുത്തലാണ് ആവശ്യമെന്നും എം.ബി.രാജേഷ്, ടി.വി.രാജേഷ്, ജെ.മേഴ്സിക്കുട്ടിയമ്മ, പി.ജയരാജൻ, എൻ.എൻ.കൃഷ്ണദാസ് തുടങ്ങിയവർ ചൂണ്ടിക്കാട്ടി. കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് പൂർണമായി രേഖയുടെ ഭാഗമാക്കിയില്ലെങ്കിലും രേഖയ്ക്കു സംസ്ഥാന സമിതി അംഗീകാരം നൽകി. 13 മുതൽ 15 വരെ കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ 307 പ്രതിനിധികൾ പങ്കെടുക്കും.
Fashion ⏭️


