NEWS
പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ട; ഇ.ഡി നീക്കത്തിൽ പ്രതിപക്ഷ നേതാവിനെ ന്യായീകരിക്കാൻ സിപിഐ ഇല്ല

തിരുവനന്തപുരം ∙ ഇ.ഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ സിപിഐ ഇല്ല. പാർട്ടിയെ സിപിഎം കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ അക്കാര്യം ആലോചിക്കും. കേസിൽ സർക്കാരിന്റെ തീരുമാനം കൂടി വന്ന ശേഷം ചർച്ച ചെയ്ത് ആവശ്യമെങ്കിൽ നിലപാട് അപ്പോൾ വ്യക്തമാക്കാൻ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പിണറായിയെ അതിശക്തമായി പിന്തുണച്ച് സിപിഎമ്മിന്റെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ രംഗത്തു വന്നപ്പോഴാണ് ‘മൗനം’ അവലംബിക്കാൻ സിപിഐ നിശ്ചയിച്ചത്. ഇതോടെ പിണറായിക്ക് എൽഡിഎഫിന്റെ പൊതുപിന്തുണ ഉണ്ടാകില്ലെന്നു വ്യക്തമായി.ഇ.ഡിയുടെ രാഷ്ട്രീയ നീക്കങ്ങളെ ദേശീയ തലത്തിൽ സിപിഐ എതിർക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ എന്തു വേണമെന്ന ചർച്ചയാണ് സെക്രട്ടേറിയറ്റിലുണ്ടായത്. എന്നാൽ പിണറായിയുടെ മകൾ ടി.വീണയുൾപ്പെട്ട ഇടപാടുകളുടെ സുതാര്യതയെക്കുറിച്ച് യോഗത്തിൽ സന്ദേഹങ്ങളുണ്ടായി. വീണയുടെ കേസ് വീണ തന്നെ നടത്തട്ടെ എന്ന നിലപാടാണ് സിപിഐ എടുത്തുവരുന്നത്. പുതിയ ഇ.ഡി നീക്കം നേരിട്ട് പിണറായിയിലേക്കാണെന്നു ബോധ്യപ്പെട്ടെങ്കിലും തിരക്കിട്ട് അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിക്കാവുന്ന സാഹചര്യമില്ലെന്ന അഭിപ്രായത്തിനാണ് മേൽക്കൈ കിട്ടിയത്.
Fashion ⏭️


