NEWS
കലിഫോർണിയ ഇരട്ടക്കൊലപാതകം: ക്യാമറയിലെ ദൃശ്യങ്ങൾ ആരോ നശിപ്പിച്ചു, ചെരുപ്പുകൾ അനിലയുടേത്, കൈകളിൽ രക്തം

കോട്ടയം ∙ യുഎസിലെ കലിഫോർണിയയിൽ ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായ മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില ബേബിക്ക് (32) എതിരെ കൂടുതൽ തെളിവുകളും മെഡിക്കൽ റിപ്പോർട്ടുകളും കോടതിയിൽ പൊലീസ് ഹാജരാക്കി. രക്തം, ഡിഎൻഎ എന്നിവ പരിശോധിച്ചതിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ 2 കൊലപാതകങ്ങളുമായും അനിലയ്ക്കു ശക്തമായ ബന്ധമുണ്ടെന്നു പൊലീസ് വ്യക്തമാക്കി.തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അറിയിച്ചു. അതേസമയം, കൊലപാതക കാരണം ഇപ്പോഴും അജ്ഞാതമാണെന്നു പൊലീസ് പറയുന്നു. കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യുവിന്റെ (40) നഷ്ടപ്പെട്ട മൊബൈൽ ഫോൺ അനിലയുടെ കാറിൽനിന്നു കണ്ടെടുത്തു. ആൻ, തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), അറസ്റ്റിലായ അനില എന്നിവരെല്ലാം നേരത്തേ മിൽപീറ്റസിലെ അപ്പാർട്മെന്റുകളിൽ അടുത്തടുത്തു കഴിഞ്ഞവരാണ്. ആൻ മേരി അടുത്ത സമയത്താണ് സാൻഹോസിലേക്ക് താമസം മാറിയത്.
Fashion ⏭️


