NEWS
എൻട്രി, അപകടത്തിലേക്കോ?; ചാത്തന്നൂർ ദേശീയപാതയിൽ എൻട്രി പോയിന്റിൽ കെണിയൊരുക്കി ഡിവൈഡർ

ചാത്തന്നൂർ ∙ സ്പിന്നിങ് മില്ലിനു സമീപം ദേശീയപാതയിലെ എൻട്രി പോയിന്റിൽ സർവീസ് റോഡും പ്രധാന പാതയും വേർതിരിച്ചു പുതുതായി സ്ഥാപിച്ച ഡിവൈഡർ അപകടക്കെണിയാകുന്നു. സ്പിന്നിങ് മില്ലിലേക്കു ലോറികൾ ഉൾപ്പെടെ പ്രവേശിക്കുന്നതിന് ഇതു തടസ്സമായി. ഇന്നലെ രാവിലെ പത്തോടെ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും പിന്നാലെ വന്ന കാറും ഡിവൈഡറിൽ ഇടിച്ചു കയറി. ആർക്കും പരുക്കില്ല.ആറുവരിപ്പാതയും സർവീസ് റോഡും വേർതിരിച്ച് ഒരാഴ്ച മുൻപാണ് ഇവിടെ ഡിവൈഡർ സ്ഥാപിച്ചത്. ശീമാട്ടി മേൽപാത അവസാനിച്ച ശേഷം തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ സർവീസ് റോഡിൽ നിന്നു പ്രധാന പാതയിലേക്കു പ്രവേശിക്കുന്നതു സ്പിന്നിങ് മില്ലിനു മുന്നിൽ നിന്നാണ്. ഒരാഴ്ച മുൻപാണു കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചു പ്രവേശന മാർഗത്തിൽ ബാരിക്കേഡ് നിർമിച്ചത്. ഇതോടെ സർവീസ് റോഡ് വളരെ ഇടുങ്ങിയതായി.എൻട്രി പോയിന്റിനു മുന്നിൽ സ്പിന്നിങ് മില്ലിന്റെ അധീനതയിൽ പുതിയ പെട്രോൾ പമ്പ് ആരംഭിക്കുന്നുണ്ട്. ഇതിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. പമ്പിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്നതിനും തടസ്സമാണ്. നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നതു പെട്രോൾ പമ്പിന് ഉൾപ്പെടെ സുരക്ഷാ ഭീഷണി സൃഷ്ടിക്കും.
Fashion ⏭️


