NEWS
സീരിയൽ കില്ലർ ‘കൊതുക്’ ഡസിൽവ പിടിയിൽ; കാട്ടിലൊളിച്ചത് പെൺവേഷം കെട്ടി, പലപ്പോഴായി കൊന്നൊടുക്കിയത് 16 പേരെ

സാവോ പോളോ ∙ ബ്രസീലിനെ വിറപ്പിച്ച സീരിയൽ കില്ലർ ഹോർലാൻ ലോപ്പസ് ഡസിൽവ (33) പൊലീസിന്റെ കണ്ണുവെട്ടിച്ച് കാട്ടിലൊളിച്ചത് പെൺവേഷത്തിൽ. ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ പരായിബയിലുള്ള മുലുൻഗു മേഖലയിൽ 16 ആളുകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഡഗ്ലസ് ഗാർസിയയുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ രഹസ്യ ദൗത്യത്തിനൊടുവിൽ പിടിയിലായതിനു പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥർ കൊലപാതകിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്.വിജനപ്രദേശത്തെ കൊലപാതകങ്ങൾക്കു ശേഷം സ്ഥലം വിട്ട ഡസിൽവ വർഷങ്ങളോളം ആരും സംശയിക്കാതെ കഴിയുകയായിരുന്നു. മെലിഞ്ഞ ശരീരപ്രകൃതിയെ തുടർന്ന് ‘കൊതുക്’ എന്നാണ് നാട്ടുകാർ ഇയാളെ കളിയാക്കി വിളിച്ചിരുന്നത്. കൂടുതൽ സമയവും കാട്ടിൽ കഴിഞ്ഞിരുന്നതിനാൽ ഇയാളെ ആരും സംശയിച്ചിരുന്നില്ല. 18 വയസ്സുകാരനെ നിരത്തിൽ വെടിവച്ചു കൊന്നതോടെയാണ് ഇയാളാണ് സീരിയൽ കില്ലറെന്നു പൊലീസ് തിരിച്ചറിഞ്ഞത്. പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് മനസ്സിലായതോടെ ഒരു കുഞ്ഞിനെ തട്ടിയെടുത്തു കയ്യിൽവച്ച് ആൾമാറാട്ടത്തിനു ശ്രമിക്കുകയായിരുന്നു. നഖങ്ങളിൽ ചായം തേച്ച്, വയ്പുമുടിയുമായി പെൺവേഷത്തിൽ കാട്ടിൽ പലയിടത്തായി ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. വെള്ള വരകളുള്ള കറുത്ത വസ്ത്രവും വിഗും നഖങ്ങളിൽ ചായവും പൂശിയ നിലയിലാണ് ഇയാളെ പിടികൂടിയത്.
Fashion ⏭️



