NEWS

ഭാരതമാതാ കോളേജ് മോർഫിങ് കേസ്: ക്യുആർ കോഡ് വഴി പണം ഈടാക്കി അശ്ലീല ചിത്രങ്ങൾ, ബികോം വിദ്യാർഥിയും അറസ്റ്റിൽ


കൊച്ചി ∙ തൃക്കാക്കര ഭാരതമാതാ കോളേജ് മോർഫിങ് കേസിൽ ഒരാൾ കൂടി അറസ്റ്റില്‍. ആലപ്പുഴ കുറത്തികാട് സ്വദേശിയും മാവേലിക്കരയിലെ കോളജിൽ ബികോം വിദ്യാർഥിയുമായ സനീഷ് (20) ആണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്. ടെലിഗ്രാമിലെ സ്വകാര്യ ഗ്രൂപ്പുകൾ വഴി വ്യാജമായി നിർമിച്ച അശ്ലീല ചിത്രങ്ങളും വിഡിയോകളും ക്യുആർ കോഡ് വഴി പണം ഈടാക്കി നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ ഭാരതമാതാ കോളജ് വിദ്യാർഥി എസ്. ശ്രീഹരി ആണ് എഐ  ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചത്. എന്നാൽ ശ്രീഹരി അതിൽ നിന്ന് സാമ്പത്തിക ലാഭം ഉണ്ടാക്കിയിരുന്നില്ല എന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.  കൂടുതൽ ദൃശ്യങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അംഗങ്ങളിൽ നിന്ന് സനീഷ് പണം ഈടാക്കിയതിന്റെ തെളിവുകൾ കേസ് അന്വഷിക്കാന്‍ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘം കണ്ടെത്തി. വലിയ ടെലിഗ്രാം ഗ്രൂപ്പുകളിൽ നിന്ന് പ്രത്യേക താൽപര്യമുള്ളവരെ കണ്ടെത്തി ചെറിയ സ്വകാര്യ ഗ്രൂപ്പുകൾ രൂപീകരിക്കുകയും പണം അയയ്ക്കുന്നതിനുള്ള ക്യുആർ കോഡുകൾ പങ്കുവയ്ക്കുകയും ചെയ്യുകയായിരുന്നു ഇയാളുടെ പ്രവർത്തനരീതി.അധ്യാപികമാരുടേയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനു തിരുവനന്തപുരം കിളിമാനൂർ സ്വദേശിയും ഭാരതമാതാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയുമായ എസ്.ശ്രീഹരിയാണ് ആദ്യം അറസ്റ്റിലായത്. കോളജ് പ്രിൻസിപ്പലിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ശ്രീഹരിയെ കോളജിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് ഇടതു വിദ്യാർഥി സംഘടനകൾ ഇന്ന് പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ നടത്തിയിരുന്നു.


Fashion ⏭️

Back to top button