NEWS
മലയാളി ‘ഇൻ സ്പേസ് വോക്’! ഇന്ന് അനിൽ മേനോൻ പുറത്തിറങ്ങും; ദൗത്യം പുതിയ സോളർ പാനൽ നിർമാണം

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ (ഐഎസ്എസ്) ഊർജ സംവിധാനങ്ങൾ കൂടുതൽ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യൻ വംശജനായ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ കന്നി ബഹിരാകാശ നടത്തത്തിന് ഒരുങ്ങുന്നു. പരിചയസമ്പന്നയായ ബഹിരാകാശ സഞ്ചാരിയും നിലയത്തിലെ കമാൻഡറുമായ ജെസീക്ക മെയറിനൊപ്പമാണ് അനിൽ മേനോൻ ഈ ചരിത്ര ദൗത്യത്തിൽ പങ്കാളിയാകുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന് പുറത്ത് ഏഴ് മണിക്കൂറോളം നീണ്ടുനിൽക്കുന്ന അതിസങ്കീർണമായ ദൗത്യമാണ് ഇവർ പൂർത്തിയാക്കുക.ഇന്ത്യൻ സമയം ഓഗസ്റ്റ് 6ന് വൈകിട്ട് 6.05ന് ഈ എക്സ്ട്രാ വെഹിക്കുലാർ ആക്റ്റിവിറ്റി (ഇവിഎ) ആരംഭിക്കും. ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഭാവിയിലെ ഗവേഷണങ്ങൾക്ക് ആവശ്യമായ അഡിഷണൽ പവർ ഉറപ്പാക്കുന്നതിനുമായി നിർണായകമായ പല ഹാർഡ്വെയറുകളും ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.ഈ വർഷം അവസാനം ബഹിരാകാശ നിലയത്തിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ സോളർ പാനൽ, ഐഎസ്എസിൽ സ്ഥാപിക്കുന്ന ഏഴാമത്തെ ഐആർഒഎസ്എ ആയിരിക്കും. നിലവിൽ ഉപയോഗത്തിലുള്ള പഴയ സോളർ പാനലുകളേക്കാൾ വലുപ്പത്തിലും ഭാരത്തിലും കുറവാണെങ്കിലും, കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ് ഈ റോൾ-ഔട്ട് സോളർ പാനലുകൾ.
Fashion ⏭️


