NEWS
30 ദിവസം തടവിലെങ്കിൽ മന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെടും; ബില്ല് ഉടൻ, ജെപിസി അംഗീകാരം നൽകിയേക്കും

ന്യൂഡൽഹി ∙ ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർ 30 ദിവസമെങ്കിലും തടവിൽ കഴിയേണ്ടി വന്നാൽ മന്ത്രിസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാൻ കഴിയുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് ജോയന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) അംഗീകാരം നൽകിയേക്കും. എന്നാൽ രാഷ്ട്രീയ എതിരാളികൾ ദുരുപയോഗം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിർത്ത് രംഗത്തെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ചിരുന്നു.5 വർഷമെങ്കിലും തടവു ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട കേന്ദ്രമന്ത്രിമാർ 30 ദിവസമെങ്കിലും പൊലീസ് കസ്റ്റഡിയിൽ തുടരുന്ന സാഹചര്യമുണ്ടായാൽ മന്ത്രിയെ നീക്കംചെയ്യാൻ പ്രധാനമന്ത്രി രാഷ്ട്രപതിയോടു ശുപാർശ ചെയ്യണം. പ്രധാനമന്ത്രി അഥവാ ശുപാർശ ചെയ്തില്ലെങ്കിലും 31–ാം ദിവസം കേന്ദ്രമന്ത്രിയുടെ സ്ഥാനം തനിയെ നഷ്ടപ്പെടും. ഇനി പ്രധാനമന്ത്രിയാണ് അറസ്റ്റിലാകുന്നതെങ്കിൽ രാജിവയ്ക്കണം. രാജിവച്ചില്ലെങ്കിൽ 31–ാം ദിവസം സ്ഥാനം തനിയെ നഷ്ടമാകും.
Source link


