NEWS
നാടൻ പണിക്കാരെ കിട്ടാതായതോടെ ഞാറു നടാൻ പല വഴി തേടി കർഷകർ; ഇപ്പോൾ ആശ്രയം ‘കരാർ നടീൽ’

പാലക്കാട് ∙ നാടൻ പണിക്കാരെ കിട്ടാതായതോടെ ഞാറു നടാൻ പല വഴി തേടി കർഷകർ. അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കു കരാർ നൽകിയാണ് ഇപ്പോൾ നടീൽ. വർഷങ്ങളായി രംഗത്തുള്ള ഇവരും നല്ല നടീലുകാരായെന്നു കർഷകർ സാക്ഷ്യപ്പെടുത്തുന്നു. പ്രധാനമായും ബംഗാളിൽ നിന്നുള്ളവരാണു ജില്ലയിൽ നടാൻ എത്തുന്നത്. നടീലിനു പലതരം കരാറുണ്ട്. കർഷകർ ഞാറു തയാറാക്കി അതു പറിച്ചു നടാൻ കരാർ കൊടുക്കുന്നതാണു പതിവു രീതി. ഞാർ അടക്കം തയാറാക്കി പാടത്തെത്തിച്ചു നട്ടുകൊടുക്കുന്നവരുമുണ്ട്. ഈ രീതിയിൽ കർഷകർക്കു ഞാറിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്നില്ല. ഞാറടക്കം എത്തിച്ച് യന്ത്രനടീൽ നടത്തിക്കൊടുക്കുന്നവരുമുണ്ട്.അതിഥിത്തൊഴിലാളികളെ എത്തിച്ച് ഒരേക്കർ പാടം നടാൻ 4500 രൂപയും ചെലവുമാണു കൂലി. ഒരേക്കർ പാടം 4 തൊഴിലാളികൾ ഒരു ദിവസം കൊണ്ടു നട്ടു തീർക്കും. നടീൽ കരാർ എടുത്തവരാണ് അതിഥിത്തൊഴിലാളികളെ എത്തിക്കുക. പാടശേഖരത്തിലെ ചിലരും മുൻകൈയെടുത്തു കരാർ രീതിയിൽ നടീൽ നടത്തുന്നുണ്ട്. ഞാർ പാകി പാകമാക്കി പാടത്തെത്തിച്ച് യന്ത്രനടീൽ നടത്താൻ ഏക്കറിന് 7000 രൂപയാണു കൂലി. ഞാറുപാകാൻ സ്ഥലം ഇല്ലെങ്കിൽ, ട്രേയിലും മറ്റും പാകി മുളപ്പിച്ചു പാടത്തെത്തിച്ചു നട്ടുകൊടുക്കാൻ 8000 രൂപയാണു കൂലി
Source link


