BUSINESS

എൽപിജി സിലിണ്ടർ വിലയിൽ 180 രൂപ വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾ; ആശ്വാസം ഹോട്ടലുകൾക്ക്, വീട്ടുകാർ കാത്തിരിക്കണം


പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ ഇന്ന് പ്രാബല്യത്തിൽ വന്നവിധം വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 180 രൂപ വെട്ടിക്കുറച്ചു. ഇതോടെ കൊച്ചിയിൽ വില 3131 രൂപയിൽ നിന്ന് 2951 രൂപയായി കുറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില കത്തിക്കയറിയതിനാൽ, വാണിജ്യ സിലിണ്ടർ വില 1500 രൂപയോളം കൂട്ടിയശേഷമാണ് ഇപ്പോൾ 180 രൂപയുടെ കുറവ് വരുത്തിയിരിക്കുന്നത്. 2983 രൂപയാണ് കോഴിക്കോട്ട് പുതുക്കിയ വില. തിരുവനന്തപുരത്ത് 2971.5 രൂപ.യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 110-120 ഡോളർ നിരക്കിലേക്ക് ഉയർന്നിരുന്നു. മാത്രമല്ല, ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ കുടുങ്ങിയത് ഇന്ത്യയിൽ‌ എൽപിജി ക്ഷാമത്തിനും വിതരണ നിയന്ത്രണത്തിനും ഇടവച്ചിരുന്നു. ഇത് വിലവർധനയും വഴിയൊരുക്കുകയായിരുന്നു. നിലവിൽ ക്രൂഡോയിൽ വില ബാരലിന് 70 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നതിനാൽ എൽപിജി വില കുറയ്ക്കുമെന്ന വിലയിരുത്തലും ശക്തമായിരുന്നു.എന്നാൽ, വീട്ടാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വിലയിൽ എണ്ണക്കമ്പനികൾ മാറ്റംവരുത്തിയില്ല. 949 രൂപയാണ് കൊച്ചിയിൽ വില. തിരുവനന്തപുരത്ത് 951 രൂപ. കോഴിക്കോട്ട് 950.5 രൂപ. എൽപിജി വില കുറയാൻ വീട്ടുകാരുടെ കാത്തിരിപ്പ് നീളും. കഴിഞ്ഞമാസം സിലിണ്ടറൊന്നിന് 29 രൂപ കൂട്ടിയിരുന്നു.വാണിജ്യ എൽപിജി വില നേരിയതോതിലെങ്കിലും കുറഞ്ഞത് ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകൾ എന്നിവയ്ക്കും ഇവയെ ആശ്രയിക്കുന്നവർക്കും ആശ്വാസമാകും. എൽപിജി വില നേരത്തേ കുത്തനെ കൂടിയത് ഈ വ്യവസായ മേഖലയെ സാരമായി ബാധിച്ചിരുന്നു. ഭക്ഷണവില കൂട്ടേണ്ടിവന്നത് ഉപഭോക്താക്കൾക്കും തിരിച്ചടിയായിരുന്നു.


Source link

Back to top button