LIFESTYLE

റബർ വില ഉയരുമ്പോഴും ആശങ്കയിൽ കർഷകർ

നീലേശ്വരം: നീണ്ട ഇടവേളയ്ക്ക് ശേഷം റബ്ബർ വിലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായെങ്കിലും, ടാപ്പിംഗ് തൊഴിലാളികളെ കിട്ടാനില്ലാത്തത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യുവതലമുറ ഈ തൊഴിൽ മേഖലയിലേക്ക് കടന്നുവരാൻ മടിക്കുന്നതാണ് കർഷകരെ ഏറെ വലയ്ക്കുന്നത്. മുൻകാലങ്ങളിൽ ജോലി ചെയ്തിരുന്നവർ ആകട്ടെ, സ്വന്തം വീടിനു സമീപത്തുള്ള തോട്ടങ്ങളിൽ ഒതുങ്ങിനിൽക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോകാൻ കൂട്ടാക്കുന്നില്ല.

ഇത്തവണ കാലവർഷം ദുർബലമായതിനെത്തുടർന്ന് നേരത്തെ ടാപ്പിംഗ് ആരംഭിക്കാൻ കഴിഞ്ഞുവെങ്കിലും, വരും ദിവസങ്ങളിൽ ചൂട് വർദ്ധിച്ചാൽ ഉത്പാദനം കുറയുമോ എന്ന ഭീതി കർഷകർക്കിടയിലുണ്ട്. വിലയിലുണ്ടായ വർദ്ധനവ് നൽകുന്ന ആശ്വാസത്തിനിടയിലും, കാലാവസ്ഥാ മാറ്റങ്ങളും ഉത്പാദനച്ചെലവിലെ വർദ്ധനവും തൊഴിലാളി ക്ഷാമവും കർഷകർക്ക് വലിയ തലവേദനയായി തുടരുകയാണ്.

തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ പ്രമുഖ റബ്ബർ ഉത്പാദക രാജ്യങ്ങളിൽ അനുഭവപ്പെട്ട പ്രതികൂല കാലാവസ്ഥയും രാജ്യത്തെ അസ്ഥിരമായ അന്തരീക്ഷവും ലോകവിപണിയിൽ റബ്ബർ ക്ഷാമത്തിന് വഴിവെക്കുകയും വില വർദ്ധിക്കാൻ കാരണമാവുകയും ചെയ്തു. എന്നാൽ ഇതേ കാലാവസ്ഥാ വ്യതിയാനം കാരണം കേരളത്തിലെ തോട്ടങ്ങളിൽ നിന്ന് ലഭിക്കുന്ന റബ്ബർ ഷീറ്റുകളുടെ അളവിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ നവംബർ മുതൽ ജനുവരി വരെയുള്ള ടാപ്പിംഗ് സീസൺ പൂർണ്ണമായും പ്രയോജനപ്പെടുത്തി ഉത്പാദനം വർദ്ധിപ്പിക്കണമെന്നാണ് റബ്ബർ ബോർഡ് കർഷകർക്ക് നൽകുന്ന നിർദ്ദേശം. എങ്കിലും, അന്തരീക്ഷത്തിൽ ചൂട് കൂടിയാൽ ജനുവരിയോടെ ടാപ്പിംഗ് അവസാനിപ്പിക്കേണ്ടി വരുമോ എന്ന ആശങ്ക കർഷകർ പങ്കുവെക്കുന്നു. മാത്രമല്ല, വരും ദിവസങ്ങളിൽ തുലാവർഷം ശക്തി പ്രാപിച്ചാലും ടാപ്പിംഗ് ജോലികൾ തടസ്സപ്പെടും.

റബ്ബർ വില ഉയർന്നതോടെ മഴമറയ്ക്കുള്ള പ്ലാസ്റ്റിക് ഷീറ്റുകൾ, ഫംഗസ് ബാധയെ പ്രതിരോധിക്കാനുള്ള സ്പ്രേ ഓയിൽ എന്നിവയുടെ വിലയും കുത്തനെ ഉയർന്നിരിക്കുകയാണ്. ഇത് സാധാരണ കർഷകരുടെ അറ്റാദായത്തെ സാരമായി ബാധിക്കുന്നു. നിലവിൽ വിപണിയിലെ റബ്ബർ വില കണക്കിലെടുത്ത്, സംസ്ഥാന സർക്കാർ നൽകിവരുന്ന താങ്ങുവില 250 രൂപയിൽ നിന്ന് 300 രൂപയായി ഉയർത്തണമെന്ന ആവശ്യം കർഷകർക്കിടയിൽ ശക്തമായിട്ടുണ്ട്.

തോട്ടങ്ങൾ തരിശാവുന്നു

തൊഴിലാളികളെ ലഭിക്കാത്തതുകൊണ്ട് പല തോട്ടങ്ങളും പാതിവഴിയിൽ ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ. മിക്കവാറും തോട്ടം ഉടമകൾ ഉത്പാദനത്തിന്റെ പകുതി തൊഴിലാളികൾക്കും പകുതി കർഷകനുമായി വീതിച്ചു നൽകുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാൽ നിലവിലെ സാഹചര്യം വെച്ച് നോക്കുമ്പോൾ, ഇത് കർഷകരെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.

റബർ @ 300

ഇപ്പോൾ ഒരു കിലോഗ്രാം റബ്ബറിന് 300 രൂപ എന്ന നിലയിലേക്ക് വിപണി എത്തിനിൽക്കുകയാണ്. കുറച്ചു നാളുകൾക്ക് മുൻപ് ഇതിന്റെ പകുതി വില മാത്രമേ ലഭിച്ചിരുന്നുള്ളൂ. വലിയ വിലത്തകർച്ചയ്ക്ക് വിരാമമിട്ട് കൊണ്ട് കഴിഞ്ഞ ഒൻപത് മാസത്തിനിടെ ഏകദേശം 108 രൂപയുടെ വർദ്ധനവാണ് റബ്ബർ വിപണിയിൽ ദൃശ്യമായത്.

Sports ⏭️

Back to top button