കുഞ്ചാക്കോ ബോബന്റെ പിറന്നാൾ സമ്മാനം; ബെൻസ് ജി-വാഗൺ സ്വന്തമാക്കി താരം

തന്റെ ജന്മദിന ആഘോഷങ്ങൾക്ക് ഇരട്ടി മധുരം പകരാൻ മെഴ്സിഡീസ് ബെൻസിന്റെ കരുത്തുറ്റ എസ്യുവി ജി63 എഎംജി സ്വന്തമാക്കിയിരിക്കുകയാണ് പ്രിയതാരം കുഞ്ചാക്കോ ബോബൻ. കൊച്ചിയിലെ പ്രമുഖ മെഴ്സിഡീസ് ബെൻസ് വിതരണക്കാരായ കോസ്റ്റൽ സ്റ്റാറിൽ നിന്നാണ് താരം ഈ പുത്തൻ വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങിയത്. റൂബെലൈറ്റ് റെഡ് മെറ്റാലിക് നിറത്തിലുള്ള അതിമനോഹരമായ മോഡലാണ് താരം തിരഞ്ഞെടുത്തത്.
മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ ഇഷ്ടവാഹനങ്ങളുടെ പട്ടികയിൽ ജി–വാഗൺ ഇതിനോടകം ഇടംപിടിച്ചു കഴിഞ്ഞു. പൃഥ്വിരാജ് സുകുമാരൻ, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ തുടങ്ങിയ മുൻനിര താരങ്ങളുടെ വാഹനശേഖരത്തിലും ഈ കരുത്തൻ എസ്യുവി ഇതിനകം ഇടംപിടിച്ചിട്ടുണ്ട്. വെറും 4.2 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കെൽപ്പുള്ളതാണ് ഈ വാഹനം.
മെഴ്സിഡീസിന്റെ തനത് പനമേരിക്കാന ഗ്രിൽ, വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്ലാമ്പുകൾ, വീതിയേറിയ എയർ ഇൻടേക്കുകൾ, മസ്കുലർ ലുക്ക് നൽകുന്ന എഎംജി വീൽ ആർച്ചുകൾ, 22 ഇഞ്ച് വലിപ്പമുള്ള എഎംജി അലോയ് വീലുകൾ, ബോണറ്റിൽ പതിപ്പിച്ച എഎംജി ബാഡ്ജിങ് എന്നിവ വാഹനത്തിന്റെ പുറംകാഴ്ചയ്ക്ക് അതീവ സ്പോർട്ടിയായ ഭംഗി സമ്മാനിക്കുന്നു.
ആഡംബരവും അത്യാധുനിക സാങ്കേതികവിദ്യയും ഒത്തിണങ്ങുന്ന ഇന്റീരിയറാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. മികവുറ്റ മൾട്ടിമീഡിയ സംവിധാനം, ഓഫ്റോഡ് റൈഡുകൾക്ക് സഹായകമാകുന്ന ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷൻ, പ്രീമിയം നാപ്പ ലെതർ സീറ്റുകൾ, ആഡംബരം വിളിച്ചോതുന്ന ലെതർ ഫിനിഷിങ് പാനലുകൾ, ബർമസ്റ്റർ 3D സൗണ്ട് സിസ്റ്റം, മനസ്സിനിണങ്ങുന്ന ആംബിയന്റ് ലൈറ്റിങ്, യാത്രക്കാർക്കായുള്ള പ്രത്യേക എന്റർടെയ്ൻമെന്റ് സ്ക്രീൻ തുടങ്ങിയവ ക്യാബിനെ സമ്പന്നമാക്കുന്നു. മികച്ച എൻജിൻ ശേഷിയും ഓഫ്റോഡ് യാത്രകളിലെ അനായാസ പ്രകടനവും ഒപ്പം ആഡംബര സൗകര്യങ്ങളും ഒത്തുചേരുന്നതാണ് ജി63 എഎംജിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.




