LIFESTYLE

ഇവിടെ നിറയെ ഓർമകൾ: ജീവിതം ആരംഭിച്ച വീട് സ്വന്തമാക്കി ഷാറുഖ് ഖാൻ; നൽകിയത് മോഹവില!


ബോളിവുഡ് താരങ്ങൾക്കിടയിൽ ഏറ്റവും വിലമതിപ്പുള്ള റിയൽ എസ്റ്റേറ്റ് ആസ്തികൾ സ്വന്തമാക്കിയവരിൽ ആദ്യസ്ഥാനത്തുതന്നെ ഷാറുഖ് ഖാനുണ്ട്. സ്വന്തമാക്കിയ വീടുകളോടും പ്രോപ്പർട്ടികളോടും വൈകാരികമായ അടുപ്പം കാത്തുസൂക്ഷിക്കുന്നു എന്നതാണ് ഷാറൂഖിനെ വ്യത്യസ്തനാക്കുന്നത്. ഇപ്പോഴിതാ ഭാര്യ ഗൗരിയുമൊത്ത് ജീവിതം ആരംഭിച്ച വീട് സ്ഥിതി ചെയ്യുന്ന കെട്ടിടം മുഴുവനായി ഷാറൂഖ് സ്വന്തമാക്കിയിരിക്കുകയാണ്. ആ സ്ഥലത്തോടുള്ള പ്രത്യേക താത്പര്യമാണ് ഇടപാടിന് പിന്നിൽ.ഡൽഹിയിലെ പോഷ് മേഖലയിലൊന്നായ പഞ്ചശീൽ പാർക്ക് നെയ്ബർഹുഡിലാണ് ഷാറൂഖിൻ്റെയും ഗൗരിയുടെയും ആദ്യ വീട്. 1991 ൽ വിവാഹിതരായതിനുശേഷം ശേഷം ചലച്ചിത്ര മേഖലയിൽ ചുവടുറപ്പിക്കുന്നതിനു വേണ്ടിയാണ് ഷാറൂഖ് ഗൗരിയുമൊത്ത് ഡൽഹിയിൽ തന്നെ താമസം ആരംഭിച്ചത്. പ്രശസ്തിയിലേക്ക് നീങ്ങിയതിനൊപ്പം കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറും ബേസ്മെന്റും താരം മുൻപുതന്നെ സ്വന്തമാക്കിയിരുന്നു.ഇപ്പോൾ ഇതേ കെട്ടിടത്തിലെ അവശേഷിക്കുന്ന രണ്ടുനിലകൾ കൂടി വിലക്കെടുത്തതോടെ കെട്ടിടത്തിന്റെ പൂർണ്ണ അവകാശം ഷാറൂഖ് ഖാന് ലഭിച്ചിട്ടുണ്ട്. 37 കോടി രൂപയാണ് രണ്ടുനിലകൾക്കും കൂടി വിലയായി നൽകിയത്. 10800 ചതുരശ്ര അടി വിസ്തീർണമുള്ള പ്ലോട്ടിലാണ് കെട്ടിടം. നിലവിലെ കണക്കുകൾ പ്രകാരം ഒരു ചതുരശ്ര അടിക്ക് 34260 രൂപയാണ് വിലമതിപ്പ്. മുംബൈയിൽ 200 കോടി വിലമതിക്കുന്ന വീട് സ്വന്തമാക്കിയ ശേഷവും ഡൽഹിയിലെ തങ്ങളുടെ ആദ്യ വസതിയ്ക്ക് വലിയ പ്രാധാന്യമാണ് ഗൗരിയും ഷാറൂഖും നൽകിയിരുന്നത്. പല അഭിമുഖങ്ങളിലും അവിടുത്തെ ഓർമകൾ ഇരുവരും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.കുടുംബത്തിൻ്റെ ഇന്നോളമുള്ള യാത്രയുടെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ സൂക്ഷിക്കുന്ന ഇടമായി കരുതി ഗൗരി ഖാൻ തന്നെയാണ് വീടിൻ്റെ ഇന്റീരിയർ ഡിസൈനിങ് നടത്തിയത്. ഷാറൂഖ് കുടുംബത്തിൻ്റെ എല്ലാം നല്ല മുഹൂർത്തങ്ങളും ഫോട്ടോഗ്രാഫുകളാക്കി ഇവിടെ സൂക്ഷിച്ചിരിക്കുന്നു. തങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിലെ എല്ലാ നല്ല നേട്ടങ്ങളും ഇവിടെയാണുള്ളതെന്ന് ഗൗരി പറയുന്നു. ഏറ്റവും ഇഷ്ടം തോന്നിയ കലാസൃഷ്ടികൾ, മക്കളുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങൾ, പല കാലങ്ങളിലായി സ്വന്തമാക്കിയ പ്രിയപ്പെട്ട വസ്തുക്കൾ എന്നിവയെല്ലാം ഡൽഹിയിലെ വീട്ടിൽ കാണാം.മുംബൈയിലെ ബംഗ്ലാവിൽ കോടികളുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലും ഡൽഹിയിലെ ആദ്യകാല വസതിയെ ഷാറൂഖും ഗൗരിയും എത്രത്തോളം ഹൃദയത്തോട് ചേർത്തുനിർത്തുന്നു എന്നതിന് തെളിവാണ് പുതിയ റിയൽ എസ്റ്റേറ്റ് ഇടപാട്. അതേസമയം ഡൽഹിയിലെ കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ താരം പദ്ധതിയിടുന്നുണ്ടോ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.***ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഈ ചിത്രം @iamsrk എന്ന ഇൻസ്റ്റഗ്രാം പേജിൽനിന്ന് എടുത്തിട്ടുള്ളതാണ്.


Cinema ⏭️

Back to top button