NEWS

ലോകകപ്പ് ഫൈനൽ വെള്ളത്തിലാകുമോ? കേരളത്തിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിർദേശം

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

തിങ്കളാഴ്ച പുലർച്ചെ 12.30നാണ് അർ‌ജന്റീനയും സ്പെയ്നും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരം ആരംഭിക്കുക. മത്സരം സംസ്ഥാനത്തെ പല സ്ഥലങ്ങളിലും വലിയ സ്ക്രീനുകളിൽ പ്രദർശനം നടത്തുന്നുണ്ട്. മഴ പെയ്താൽ എങ്ങനെ പ്രദർശനം നടത്തുമെന്ന ആശങ്കയും ആളുകൾക്കുണ്ട്.

കള്ളക്കടൽ ജാഗ്രതാ നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (20/07/2026) പകൽ 8.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരങ്ങളിലും നാളെ (20/07/2026) പകൽ 5.30 മുതൽ വൈകുന്നേരം 05.30 വരെ 1.2 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാദ്ധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
തീരശോഷണത്തിനു സാദ്ധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

RELATED TOPICS: KERALA RAIN ALERT, YELLOW ALERT KERALA, KERALA WEATHER, IMD KERALA, WORLD CUP FINAL

Read News ⏭️

Back to top button