LIFESTYLE

വെളുത്ത മഞ്ഞ് പാളികൾക്കിടയിലൂടെ ഒഴുകുന്ന ‘ചോരപ്പുഴ’; പിന്നിലെ സത്യമെന്ത്?


അന്റാർട്ടിക്ക ബ്ലഡ് ഫോൾസ്

അദ്ഭുതങ്ങളുടെ പറുദീസയാണ് ഭൂമിയിലെ ഏറ്റവും തണുപ്പേറിയ ഭൂഖണ്ഡമായ അന്റാർട്ടിക്ക. 54 കിലോമീറ്ററോളം നീളത്തിൽ തൂവെള്ളയായി പരന്നു കിടക്കുന്ന അന്റാർട്ടിക്കയിലെ ടെയ്‌ലർ ഹിമാനിയുടെ നെറുകയിൽ നിന്ന് ഒഴുകുന്നതോ ‘രക്തം”. ശാസ്ത്രലോകത്തെ 100 വർഷത്തിലേറയായി അമ്പരപ്പിക്കുകയാണ് ബ്ലഡ് ഫോൾസ് അഥവാ രക്തവെള്ളച്ചാട്ടം.

വെളുത്ത മഞ്ഞ് പാളികൾക്കിടയിലൂടെ കടുംചുവപ്പ് നിറത്തിൽ ഒഴുകിയിറങ്ങുന്ന ഈ നീരൊഴുക്കിന്റെ നിഗൂഢതകൾ ശാസ്ത്രത്തിന് മുന്നിൽ വഴിമാറിയിരിക്കുകയാണ്. അന്റാർട്ടിക്കയിലെ മക്മുർഡോ ഡ്രൈ വാലികളിലെ ടെയ്‌ലർ ഗ്ലേസിയറിൽ നിന്ന് ബോണി തടാകത്തിലേക്കാണ് ഈ കടും ചുവപ്പ് വെള്ളച്ചാട്ടം ഒഴുകുന്നത്. 1911ലാണ് ഓസ്‌ട്രേലിയൻ ജിയോളജിസ്റ്റ് ഗ്രിഫിത്ത് ടെയ്‌ലർ ഈ പ്രതിഭാസം ആദ്യമായി ലോകത്തിന് മുന്നിൽ എത്തിക്കുന്നത്. അന്നുതൊട്ട് ഇതിന്റെ ഉത്ഭവത്തെക്കുറിച്ചും നിറത്തെക്കുറിച്ചും ഒട്ടനവധി ഊഹാപോഹങ്ങളാണ് നിലനിൽക്കുന്നത്.

ഇരുമ്പിന്റെ മാസ്മരികതകാഴ്ചയിൽ ഭയമുണർത്തുന്ന ചോരപ്പുഴയാണെങ്കിലും ഇതിന് പിന്നിൽ യാതൊരുവിധ അമാനുഷിക ശക്തികളോ അല്ലെങ്കിൽ അഗ്നിപർവത പ്രവർത്തനങ്ങളോ ഇല്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഹിമാനിയുടെ ആഴങ്ങളിൽ കുടുങ്ങിക്കിടക്കുന്ന,ഇരുമ്പിന്റെ അംശം അത്യധികമായി അടങ്ങിയ ഉപ്പുവെള്ളമാണ് ഈ ചുവപ്പ് നിറത്തിന് കാരണം. ‘അന്റാർട്ടിക്ക സയൻസ്’ എന്ന സയൻസ് മാസികയിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഹിമാനിയുടെ അടിത്തട്ടിൽ രൂപപ്പെട്ട ഒരു പുരാതന ഭൂഗർഭ ജലസംഭരണിയിൽ നിന്നാണ് ഈ വെള്ളത്തിന്റെ വരവ്. ഹിമാനിയുടെ ഭീമാകാരമായ ചലനങ്ങളും ഭാരവും കാരണം ഉണ്ടാകുന്ന വൻ സമ്മർദ്ദം, ഈ ഉപ്പുവെള്ളത്തെ മഞ്ഞിനുള്ളിലെ രഹസ്യ ചാനലുകളിലൂടെ മുകളിലേക്ക് തള്ളിവിടുന്നു. ഈ ഇരുമ്പ് അടങ്ങിയ ജലം അന്തരീക്ഷത്തിലെ ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ ഓക്സീകരണ പ്രക്രിയ നടക്കുന്നു. നമ്മൾ നിത്യജീവിതത്തിൽ കാണുന്ന ഇരുമ്പ് തുരുമ്പെടുക്കുന്ന അതേ പ്രക്രിയയാണിത്.

പൂജ്യം ഡിഗ്രിയിലും മരവിക്കില്ലഅന്റാർട്ടിക്കയിലെ മൈനസ് താപനിലയിൽ ഏതൊരു സാധാരണ ജലാശയവും നിമിഷങ്ങൾക്കകം മഞ്ഞു കട്ടിയായി മാറും. എന്നാൽ ഈ വെള്ളച്ചാട്ടം മരവിക്കാത്തതിന് പിന്നിലെ രഹസ്യം അതിന്റെ രാസഘടനയാണ്. ഈ ജലത്തിൽ അടങ്ങിയിരിക്കുന്ന ലവണങ്ങളുടെ അളവ് സാധാരണ കടൽവെള്ളത്തേക്കാൾ വളരെ കൂടുതലാണ്. ലവണാംശം കൂടുമ്പോൾ ജലത്തിന്റെ ഫ്രീസിംഗ് പോയിന്റ് പൂജ്യം ഡിഗ്രിയിൽ നിന്നും വളരെ താഴേക്ക് പോകുന്നു. ഈ ഉപ്പുവെള്ളം മരവിക്കാൻ ശ്രമിക്കുമ്പോൾ പുറത്തുവിടുന്ന നേരിയ തോതിലുള്ള താപവും, ഹിമാനിയുടെ ചലനം മൂലമുണ്ടാകുന്ന ഘർഷണവും ഒത്തുചേരുമ്പോൾ ഭൂമിയിലെ ഏറ്റവും തണുപ്പേറിയ ഈ പ്രദേശത്തും വെള്ളം ദ്രാവകാവസ്ഥയിൽ തന്നെ നിലകൊള്ളുന്നു.

English Summary

Blood Falls in Antarctica is a rare natural phenomenon where deep red, iron-rich saltwater flows from the Taylor Glacier into Lake Bonney, creating the appearance of a “river of blood.” First documented in 1911, scientists have found that the striking red color is caused by iron oxidizing when it comes into contact with oxygen.
RELATED TOPICS: ANTARCTICA BLOOD FALLS, RED RIVER, BLOOD FALLS MYSTERY, FROZEN RIVER, NATURE NEWS


Source link

Back to top button