BUSINESS

ദേശീയപാതയിൽ ക്രൂഡ് വിൽപന, ഊറ്റിയത് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച്, എട്ടംഘ സംഘം പിടിയിൽ


ജയ്പുർ • ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ (എച്ച്പിസിഎൽ) എണ്ണക്കുഴലിൽ നിന്ന് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ച കേസിൽ രാജസ്ഥാനിൽ 8 പേർ അറസ്‌റ്റിൽ. അഹമ്മദാബാദ്-രാജ്കോട്ട് ദേശീയപാതയിൽ ചിലർ ക്രൂഡ് ഓയിൽ വിൽപന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സംഘവും (എടിഎസ്) രാജസ്ഥാൻ പൊലീസും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് കവർച്ചയെപ്പറ്റി സൂചന ലഭിച്ചത്. അന്വേഷണത്തിൽ പിടിയിലായ ആളെ ചോദ്യം ചെയ്തപ്പോൾ മറ്റു സംഘാംഗങ്ങളെക്കുറിച്ചും വിവരം ലഭിച്ചു.രാജസ്ഥാൻ സ്വദേശികളായ ഘനശ്യാം നോനി (54), ജയരാജസിൻഹ ചുദാസാമ (34), ഗുജറാത്തിൽ നിന്നുള്ള മുകേഷ് മമേഘ് വാൾ (44), രഞ്ജിത് ചൗരസ്യ (48), രമേഷ് താക്കൂർ (41), സുരേജി താക്കൂർ (32). മഹേഷ് താക്കൂർ (32), ഉത്തർപ്രദേശിൽനിന്നുള്ള ദിലീപ് യാദവ് (35) എന്നിവരാണ് അറസ്‌റ്റിലായത്. ജയിലിൽ വച്ചാണ് ഇവർ തമ്മിൽ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.രാജസ്ഥാനിലെ ബലോത്ര ജില്ലയിലൂടെ കടന്നുപോകുന്ന എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ചാണ് എണ്ണ കവർന്നത്. ബലോത്രയിലെ കലുഡി ഗ്രാമത്തിലെ വിജനമായ തരിശുഭൂമിയിൽ നാലടി താഴ്ച്‌ചയിൽ കുഴിയെടുത്താണ് വാൽവ് ഘടിപ്പിച്ചത്. തുടർന്ന് 2 ലോറികളിലേക്ക് എണ്ണ പമ്പ് ചെയ്തു.


Travel ⏭️

Back to top button