SPORTS
പതിവു ശൈലി വിട്ട് വിരാട് കോലി, മത്സരശേഷം മുന്നറിയിപ്പ്, ഇന്ത്യയ്ക്കു തലവേദനയായി പേസർമാർ

ഗുവാഹത്തി ∙ കാര്യവട്ടത്തെ കമ്പക്കെട്ടിനു തുടർച്ചയായി ഗുവാഹത്തിയിലും വിജയകഥ കുറിക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. വെസ്റ്റിൻഡീസിനെതിരായ 3 ഏകദിനങ്ങളുടെ പരമ്പരയിലെ 2–ാം മത്സരം ഇന്ന്. തിരുവനന്തപുരത്ത് 8 വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഇന്നു ജയിച്ചാൽ പരമ്പര ഉറപ്പാക്കാം. മറുവശത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടും ആദ്യ മത്സരത്തിലേറ്റ ദയനീയ തോൽവി വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിനെയും സംഘത്തെയും വേട്ടയാടുന്നുണ്ട്. ഗുവാഹത്തി ബർസാപാര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.ആദ്യ ഏകദിനത്തിൽ 88 പന്തിൽ പുറത്താകാതെ 139 റൺസുമായി തകർത്തടിച്ച്, ടീമിനെ വിജയത്തിലെത്തിച്ച വിരാട് കോലി തന്നെയാണ് ഇന്നും ശ്രദ്ധാകേന്ദ്രം. കാര്യവട്ടത്ത് സെഞ്ചറി നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും മികച്ച ഫോമിലാണ്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 132 പന്തിൽ നേടിയ 151 റൺസായിരുന്നു ഒന്നാം ഏകദിനത്തിൽ ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്. നിലയുറപ്പിച്ച ശേഷം ആക്രമണത്തിലേക്കു കടക്കുന്ന തന്റെ പതിവുശൈലി ഉപേക്ഷിച്ച്, തുടക്കം മുതൽ ബൗണ്ടറികൾ നേടി റൺനിരക്ക് ഉയർത്തുന്ന കോലിയെയാണ് കാര്യവട്ടത്ത് കണ്ടത്. ഇനിയങ്ങോട്ട് താൻ ഈ ശൈലിയിലാകും തുടരുകയെന്ന സൂചനയും മത്സരശേഷം കോലി നൽകി.രോഹിത്തിന് പ്രതീക്ഷഒന്നാം ഏകദിനത്തിൽ 35 പന്തിൽ 32 റൺസുമായി നന്നായിത്തുടങ്ങിയെങ്കിലും മുന്നോട്ടുപോകാൻ സാധിക്കാതിരുന്നതിന്റെ നിരാശ രോഹിത് ശർമയ്ക്കുണ്ട്. അടുത്ത വർഷം നടക്കുന്ന ലോകകപ്പിനായി തയാറെടുക്കുന്ന രോഹിത്തിന് ഫോമും ആത്മവിശ്വാസവും വീണ്ടെടുക്കാൻ വിൻഡീസ് പരമ്പരയിൽ റൺ കണ്ടെത്തിയേ മതിയാകൂ.
Auto ⏭️




