NEWS
പ്രവാസി തൊഴിലാളികൾക്ക് ആശ്വാസം; ഇനി കുറഞ്ഞ ചെലവിൽ നല്ല ഭക്ഷണം, അതും തൊട്ടടുത്ത്! മാറ്റത്തിനൊരുങ്ങി ദുബായ്

ദുബായ്∙ ദുബായിലെ ലേബർ ക്യാംപ് മേഖലകളിലെ അനധികൃത വിപണികളിലെ നിലവാരം കുറഞ്ഞ ഭക്ഷണവസ്തുക്കളിൽ നിന്ന് തൊഴിലാളികൾക്ക് മോചനം. തൊഴിൽ മേഖലകളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമായി സംയോജിത സഹകരണ വിപണി പദ്ധതി പൂർത്തിയാക്കിയതായി ദുബായ് നഗരസഭ അറിയിച്ചു. പ്രധാന തൊഴിൽ കേന്ദ്രങ്ങളിലെ 69,000 ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയിലാണ് ആകർഷകമായ ഈ വിപണന കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. മുഹൈസിന 2, അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 3, അൽ ഖൂസ് 4 എന്നിവിടങ്ങളിൽ പദ്ധതി പൂർണമായും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ 1-ലെ നാലാമത് വിപണി ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് നഗരസഭ വിപണികളുടെ നടത്തിപ്പ് മേൽനോട്ടം വഹിക്കുന്നത്. ഇവിടുത്തെ ശുചിത്വവും സുരക്ഷയും പൂർണമായും ഉറപ്പുവരുത്തുന്നുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം തൊഴിലാളികൾക്ക് ഉറപ്പാക്കാൻ പദ്ധതി സഹായിക്കുമെന്ന് ദുബായ് നഗരസഭ എൻവയോൺമെന്റ്, ഹെൽത്ത് ആൻഡ് സേഫ്റ്റി ഏജൻസി ആക്ടിങ് സിഇഒ ഡോ. നസീം മുഹമ്മദ് റാഫി വ്യക്തമാക്കി. തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Fashion ⏭️


