NEWS
വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി പ്രസവിച്ചു; കൊല്ലത്ത് പതിനേഴുകാരനെതിരെ പോക്സോ കേസ്

കൊല്ലം∙ കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പ്രസവം. സംഭവത്തിൽ പതിനേഴു വയസ്സുകാരനെതിരെ കുളത്തൂപ്പുഴ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഇരുവരും തമ്മിൽ നാളുകളായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വിവിധ സ്ഥലങ്ങളിൽ വെച്ച് കൗമാരക്കാരൻ പെൺകുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയതായി പോലീസ് വ്യക്തമാക്കി.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ കൗൺസലിംഗിലാണ് ക്രൂരമായ പീഡനവിവരം പുറത്തറിയുന്നത്. ഇതിനു പിന്നാലെ തന്നെ പതിനേഴുകാരനെതിരെ നിയമനടപടികൾ സ്വീകരിച്ചിരുന്നു. ഇന്നലെ കഠിനമായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച പെൺകുട്ടി തൊട്ടുപിന്നാലെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.




