ഇന്ത്യയിലെ ആദ്യ ഫ്ലെക്സ് ഹൈബ്രിഡ് വാഹനം ഇന്നോവ ഹൈക്രോസ് വിപണിയിൽ; വില 19.99 ലക്ഷം രൂപ മുതൽ

ഇന്ത്യയിലെ പ്രഥമ ഫ്ലെക്സ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമെന്ന പദവിയോടെ ടൊയോട്ട കിർലോസ്കർ മോട്ടോർ പുതിയ ഇന്നോവ ഹൈക്രോസ് വിപണിയിലെത്തിച്ചു. ഇ20 മുതൽ ഇ85 വരെയുള്ള ഏത് അളവിലുള്ള എഥനോൾ മിശ്രിതത്തിലും ഓടാൻ കഴിയുമെന്നതാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത. സെൽഫ് ചാർജിങ് സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഫ്ലെക്സ് ഫ്യുവൽ എൻജിനും സമന്വയിപ്പിച്ചിട്ടുള്ള ഈ കാറിന് ഡൽഹി എക്സ്ഷോറൂം വിലയായി 19.99 ലക്ഷം രൂപ മുതലാണ് നിശ്ചയിച്ചിരിക്കുന്നത്. നവംബർ 26 മുതൽ ബുക്കിങ് നടപടികൾ ആരംഭിക്കും.
പുതിയ ഡിസൈൻ: മുൻവശത്തെ ബമ്പറിലും ഗ്രില്ലിലും വരുത്തിയ മാറ്റങ്ങളും, പ്രൊജക്ടർ എൽഇഡി ഹെഡ്ലാമ്പുകളും ഡബിൾ സ്റ്റാക്ക്ഡ് എൽഇഡി ഡിആർഎല്ലുകളും വാഹനത്തിന്റെ പുറംഭാഗത്തിന് പുത്തൻ ഉണർവ് നൽകുന്നു. ത്രിമാന ആകൃതിയിലുള്ള ലോവർ ഗ്രില്ലിൽ ഫോഗ് ലാമ്പുകൾ മനോഹരമായി ലയിപ്പിച്ചിരിക്കുന്നു. കൂടാതെ, പരിഷ്കരിച്ച പിൻ കോമ്പിനേഷൻ ലാമ്പുകൾ വാഹനത്തിന് പ്രൗഢമായ ലുക്ക് സമ്മാനിക്കുന്നു. പനോരമിക് സൺറൂഫ്, അലോയ് വീലുകൾ, റൂഫ് സ്പോയിലർ എന്നിവയും വാഹനത്തിന്റെ ബാഹ്യസൗന്ദര്യം വർദ്ധിപ്പിക്കുന്നു.
പ്രീമിയം ഇന്റീരിയർ: ഏഴ്, എട്ട് സീറ്റർ വകഭേദങ്ങളിൽ വാഹനം സ്വന്തമാക്കാം. സോഫ്റ്റ് ടച്ച് ഡാഷ്ബോർഡ്, സിൽവർ, പിയാനോ ബ്ലാക്ക് ഫിനിഷുകൾ, ഡാർക്ക് ചെസ്റ്റ്നട്ട് നിറത്തിലുള്ള ലെതർ അപ്ഹോൾസ്റ്ററി, ലെതർ പൊതിഞ്ഞ സ്റ്റിയറിങ് വീൽ എന്നിവ ഉള്ളിലെ ആഡംബരം വിളിച്ചോതുന്നു. രണ്ടാം നിരയിൽ പവർഡ് ഒട്ടോമൻ സീറ്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മെമ്മറി സൗകര്യമുള്ള എട്ടുവിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പിൻനിരയിൽ പവർഡ് റിക്ലൈനിങ് സീറ്റുകൾ എന്നിവ യാത്രക്കാർക്ക് മികച്ച സുഖം നൽകുന്നു. ഡ്യുവൽ സോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിൻ എസി വെന്റുകൾ, പിഎം 2.5 ഫിൽറ്റർ, പിൻ സൺഷേഡുകൾ, പവർ ബാക്ക് ഡോർ തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്.
സേഫ്ടി: സുരക്ഷയുടെ കാര്യത്തിലും ടൊയോട്ട വിട്ടുവീഴ്ച വരുത്തിയിട്ടില്ല. ആറ് എസ്ആർഎസ് എയർബാഗുകൾക്ക് പുറമെ, ടൊയോട്ട സേഫ്റ്റി സെൻസ് 3.0, ഡൈനാമിക് റഡാർ ക്രൂസ് കൺട്രോൾ, ലെയ്ൻ ട്രാക്കിങ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടമാറ്റിക് ഹൈ ബീം തുടങ്ങിയവ സുരക്ഷ ഉറപ്പാക്കുന്നു. ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, പനോരമിക് വ്യൂ മോണിറ്റർ, മുൻ-പിൻ പാർക്കിങ് സെൻസറുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നീ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ ഹൈബ്രിഡ് വേരിയന്റുകൾ: ജി ഹൈബ്രിഡ്, ജിഎക്സ് ഹൈബ്രിഡ് എന്നിങ്ങനെ പുതിയ വകഭേദങ്ങൾ കൂടി എത്തിയതോടെ, ഇന്നോവ ഹൈക്രോസ് നിരയിൽ ജി, ജിഎക്സ്, വിഎക്സ്, സെഡ്എക്സ് എന്നീ നാല് പതിപ്പുകൾ ഇപ്പോൾ ലഭ്യമാണ്.




