HEALTH

അനീമിയയെ ചെറുക്കാൻ സ്മൃതി ഇറാനിയുടെ സൂപ്പ് റെസിപ്പിയുമായി മിറ കപൂർ


ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യയും സോഷ്യൽ മീഡിയയിലെ ശ്രദ്ധേയമായ ലൈഫ്സ്‌റ്റൈൽവെൽനസ് ഇൻഫ്ളുവൻസറുമായ മിറ കപൂർ പങ്കുവെച്ച ആരോഗ്യാനുഭവം ഇപ്പോൾ ശ്രദ്ധനേടുകയാണ്. വർഷങ്ങളായി അനീമിയയുമായി പോരാടിയിരുന്ന തനിക്ക് സ്മൃതി ഇറാനി പങ്കുവച്ച ഒരു ലളിതമായ അടുക്കളക്കൂട്ടാണ് സഹായമായതെന്ന് മിറ പറയുന്നു. വിമാനയാത്രയ്ക്കിടെ സ്മൃതി ഇറാനിയെ കണ്ടുമുട്ടിയപ്പോഴാണ് വർഷങ്ങൾക്ക് മുമ്പ് അവരുടെ വീഡിയോയിലൂടെ പരിചയപ്പെട്ട ഈ റെസിപ്പിയെക്കുറിച്ച് മിറ വീണ്ടും സംസാരിച്ചത്. തുടർച്ചയായി മൂന്ന് മാസത്തോളം ദിവസവും ഏകദേശം അരക്കപ്പ് സൂപ്പ് കഴിച്ചെന്നും തുടർന്ന് നടത്തിയ രക്തപരിശോധനകളിൽ മാറ്റം ശ്രദ്ധിച്ചെന്നും മിറ വെളിപ്പെടുത്തി.വിലകൂടിയ സപ്ലിമെന്റുകളോ അപൂർവമായ ചേരുവകളോ ഒന്നുമില്ലെന്നതാണ് ഈ റെസിപ്പിയുടെ പ്രത്യേകത. സ്വന്തം ആരോഗ്യത്തിൽ മാറ്റം അനുഭവപ്പെട്ട ഒരു ലളിതമായ റെസിപ്പി മറ്റ് സ്ത്രീകൾക്കും ഉപകാരപ്പെട്ടേക്കാമെന്ന ചിന്തയിലാണ് ഇത് പങ്കുവച്ചതെന്നും അവർ പറഞ്ഞു. പലപ്പോഴും ക്ഷീണം, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ തിരക്കേറിയ ജീവിതത്തിന്റെ ഭാഗമായി കണ്ട് അവഗണിക്കുന്നവരാണ് സ്ത്രീകൾ. അതുകൊണ്ടുതന്നെ അനീമിയയെക്കുറിച്ചുള്ള തുറന്ന ചർച്ചകൾക്ക് പ്രാധാന്യമുണ്ട്.സ്മൃതി ഇറാനി ‘Curly Tales’നു നൽകിയ അഭിമുഖത്തിൽ പങ്കുവച്ച റെസിപ്പിയാണ് മിറ പിന്നീട് പരീക്ഷിച്ചത്. വളരെ ലളിതമായ രീതിയിൽ വീട്ടിൽ തയ്യാറാക്കാവുന്ന സൂപ്പാണിത്.ആവശ്യമായ ചേരുവകൾ: മുരിങ്ങക്കായ, മസൂർ പരിപ്പ്, സവാള, ഇഞ്ചി, തക്കാളി, മഞ്ഞൾപ്പൊടി, ജീരകം അല്ലെങ്കിൽ കുരുമുളക്, ആവശ്യത്തിന് വെള്ളം, ഉപ്പ് തയ്യാറാക്കുന്നവിധം: ആദ്യം മുരിങ്ങക്കായ കഴുകി ചെറിയ കഷ്ണങ്ങളാക്കുക. ഇതിലേക്ക് മസൂർ പരിപ്പ്, സവാള, ഇഞ്ചി, തക്കാളി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി വേവിക്കുക. ചേരുവകളെല്ലാം മൃദുവായിക്കഴിഞ്ഞാൽ മിശ്രിതം ബ്ലെൻഡ് ചെയ്ത് സൂപ്പിന്റെ രൂപത്തിലാക്കാം. അല്ലെങ്കിൽ ചെറുതായി ഉടച്ചെടുത്താലും മതി.രുചിക്കായി മഞ്ഞൾപ്പൊടി, ജീരകം, കുരുമുളക് എന്നിവ ചേർക്കാം. ആവശ്യത്തിന് വെള്ളം ചേർത്ത് സൂപ്പിന്റെ കട്ടി ക്രമീകരിക്കുകയും ചെയ്യാം. മിറ ദിവസവും അരക്കപ്പ് വീതം മൂന്ന് മാസത്തോളം കഴിക്കുകയായിരുന്നു. എന്നാൽ അനീമിയ സ്ഥിരീകരിച്ചിട്ടുള്ളവർ ഡോക്ടറുടെ നിർദേശവും ചികിത്സയും ഒഴിവാക്കി ഈ സൂപ്പിനെ മാത്രം ആശ്രയിക്കരുത്. ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷകങ്ങൾ ചികിത്സയ്ക്ക് സഹായകമായേക്കാമെങ്കിലും, അനീമിയയുടെ കാരണം കണ്ടെത്തുകയും ആവശ്യമായ ചികിത്സ സ്വീകരിക്കുകയും ചെയ്യുന്നത് പ്രധാനമാണ്.സ്ത്രീകൾക്കിടയിൽ വ്യാപകമായി കാണപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് അനീമിയ. ശരീരത്തിൽ ആവശ്യത്തിന് ആരോഗ്യകരമായ ചുവന്ന രക്താണുക്കളോ ഹീമോഗ്ലോബിനോ ഇല്ലാത്ത അവസ്ഥയാണ് അനീമിയ. ഇരുമ്പിന്റെ കുറവ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.


Cinema ⏭️

Back to top button