HEALTH

50 വയസ്സിനുശേഷം ഈ ഭക്ഷണങ്ങളിൽ അൽപം ജാഗ്രത; ഉപ്പ് മുതൽ മുളപ്പിച്ച ധാന്യങ്ങൾ വരെ


50 വയസ്സ് പിന്നിടുമ്പോൾ ശരീരത്തിൽ സ്വാഭാവികമായി നിരവധി മാറ്റങ്ങൾ സംഭവിക്കാറുണ്ട്. മെറ്റബോളിസം മന്ദഗതിയിലാകുക, പ്രതിരോധശേഷി കുറയുക, ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങി ആരോഗ്യപ്രശ്‌നങ്ങളോരോന്നായി തലപൊക്കും. അതുകൊണ്ടുതന്നെ ഈ പ്രായത്തിൽ ഭക്ഷണക്രമത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നത് ആരോഗ്യകരമായ വാർധക്യത്തിന് സഹായകരമാണ്. പ്രത്യേകിച്ച് ചില ഭക്ഷണങ്ങൾ നിയന്ത്രിക്കുകയും സുരക്ഷിതമായ രീതിയിൽ കഴിക്കുകയും ചെയ്യുന്നത് നല്ലതാണ്. അവ ഏതൊക്കെയാണെന്നുനോക്കാം. അമിത ഉപ്പ് ഒഴിവാക്കാം: ശരീരത്തിന് സോഡിയം ആവശ്യമാണ്. എന്നാൽ അമിതമായി ഉപ്പ് കഴിക്കുന്നത് രക്തസമ്മർദം ഉയർത്തുകയും ഹൃദയം, വൃക്ക, രക്തക്കുഴലുകൾ എന്നിവയ്ക്ക് അധികഭാരമുണ്ടാക്കുകയും ചെയ്യും. ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കൂട്ടും. ഭക്ഷണത്തിന് രുചി കൂട്ടാൻ ഉപ്പിന് പകരം വെളുത്തുള്ളി, കുരുമുളക്, ചെറുനാരങ്ങാനീര്, വിനാഗിരി, വിവിധ സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ ഉപയോഗിക്കാം. കൂടാതെ പാക്കറ്റ് സൂപ്പ്, സോസ്, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ, പ്രോസസ്ഡ് മാംസം എന്നിവയിലെ സോഡിയം അളവും പരിശോധിക്കണം.പ്രോസസ്ഡ് മധുരപലഹാരങ്ങൾ നിയന്ത്രിക്കുക: ബിസ്‌ക്കറ്റ്, കേക്ക്, പാക്കറ്റ് പേസ്ട്രി, മിഠായി, ചോക്ലേറ്റ് സ്‌നാക്കുകൾ എന്നിവയിൽ സാധാരണയായി പഞ്ചസാര, മൈദ, സാച്ചുറേറ്റഡ് കൊഴുപ്പ്, വിവിധ അഡിറ്റീവുകൾ എന്നിവ കൂടുതലായിരിക്കും. ഇവ പതിവായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താനും ശരീരത്തിലെ അണുബാധാപ്രവണത കൂട്ടാനും ഇടയാക്കാം. മധുരം പൂർണമായും ഒഴിവാക്കാതെ വല്ലപ്പോഴും മാത്രം അല്പം കഴിക്കുന്നതാണ് നല്ലത്. പഴങ്ങൾ, നട്‌സ്, പലതരം വിത്തുകൾ, പ്ലെയിൻ തൈര് തുടങ്ങിയവ ആരോഗ്യകരമാണ്.സാച്ചുറേറ്റഡ് കൊഴുപ്പ് കുറയ്ക്കുക: വെണ്ണ, ചീസ്, കൊഴുപ്പ് കൂടുതലുള്ള ഇറച്ചി, സോസേജ്, ക്രീം എന്നിവയിൽ സാച്ചുറേറ്റഡ് കൊഴുപ്പ് ധാരാളമുണ്ട്. ഇത് എൽഡിഎൽ (ചീത്ത) കൊളസ്‌ട്രോൾ ഉയർത്തുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യും. ഇതിന് പകരം ഒലിവ് ഓയിൽ, അവക്കാഡോ, നട്‌സ്, വിത്തുകൾ, ഒമേഗ-3 അടങ്ങിയ മത്സ്യങ്ങൾ എന്നിവ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇറച്ചി തിരഞ്ഞെടുക്കുമ്പോൾ കൊഴുപ്പ് കുറഞ്ഞ ഭാഗങ്ങൾ തിരഞ്ഞെടുക്കുന്നതും നല്ലതാണ്. പച്ചയോ പാകം കുറഞ്ഞതോ ആയ മുട്ട കഴിക്കരുത്: മുട്ട മികച്ച പ്രോട്ടീൻ ഉറവിടമാണ്. എന്നാൽ പച്ചയായോ പാകം കുറഞ്ഞതോ ആയ മുട്ടയിൽ സാൽമൊണല്ല പോലുള്ള ബാക്ടീരിയകൾ ഉണ്ടാകാം. ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. പ്രായം കൂടുമ്പോൾ പ്രതിരോധശേഷി കുറയുന്നതിനാൽ ഇത്തരം അണുബാധകൾ കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് മുട്ട നന്നായി വേവിച്ചോ ഓംലറ്റ്, സ്‌ക്രാംബിൾഡ്, ബോയിൽഡ് തുടങ്ങിയ രൂപത്തിലോ മാത്രം കഴിക്കുക.


Cinema ⏭️

Back to top button