NEWS
കോളജ് നിർമ്മാണത്തിന്റെ മറവിലെ പണപ്പിരിവ്; അന്വേഷണ റിപ്പോർട്ട് സിപിഎം പൂഴ്ത്തി? ചർച്ചയോ നടപടിയോ ഇല്ല

കണ്ണൂർ ∙ ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച നോർത്ത് മലബാർ എജ്യുക്കേഷനൽ സൊസൈറ്റിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സിപിഎം നേതൃത്വം പൂഴ്ത്തിയെന്ന സംശയം ബലപ്പെടുന്നു. 2019 മുതൽ റിപ്പോർട്ട് ജില്ലാ നേതൃത്വത്തിനു മുന്നിലുണ്ടെങ്കിലും ചർച്ച ചെയ്തതായോ നടപടി സ്വീകരിച്ചതായോ വിവരമില്ലെന്ന് നിക്ഷേപകർ പറയുന്നു. സൊസൈറ്റിയുടെ പേരിൽ 38 സെന്റ് സ്ഥലമുണ്ടെന്നും പിരിച്ച പണത്തെക്കാൾ മൂല്യം അതിനുണ്ടെന്നുമാണ് ഏരിയ കമ്മിറ്റിയുടെ വിശദീകരണം. എന്നാൽ, കരമടച്ച രസീത് പുറത്തുവിടണമെന്നാണു നിക്ഷേപകരുടെ ആവശ്യം.സൊസൈറ്റിക്കെതിരെ നിക്ഷേപത്തട്ടിപ്പ് ആരോപിച്ച് രംഗത്തെത്തിയവരിൽ പാർട്ടി ലോക്കൽ കമ്മിറ്റിയംഗവും പ്രദേശത്തു സ്വാധീനമുള്ള ആയുർവേദ ഡോക്ടറുമുണ്ടെന്നത് സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി. ആർഎസ്എസ് നേതാക്കളുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസസ്ഥാപനത്തിനു ബദലായി സ്ഥാപിക്കാൻ ഉദ്ദേശിച്ചത് സ്വാശ്രയ കോളജായിരുന്നെന്നാണു പാർട്ടി പറയുന്നത്. സ്വാശ്രയ കോളജുകൾ സംബന്ധിച്ച പാർട്ടിയുടെ തീരുമാനങ്ങളിലെ വൈരുധ്യവും ചർച്ചയായി.
Fashion ⏭️


