കേരളത്തിൽ സ്വർണവില കുത്തനെ ഇടിഞ്ഞു; 2025 ഡിസംബറിലെ നിരക്കിലേക്ക് താഴ്ന്നു

കേരളത്തിൽ സ്വർണവിലയിൽ ഇന്നും വൻ ഇടിവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലുണ്ടായ തിരിച്ചടികളാണ് സംസ്ഥാനത്തും സ്വർണത്തിന്റെ തിളക്കം കുറയാൻ കാരണമായത്. അമേരിക്കയിൽ പലിശനിരക്ക് ഗണ്യമായി വർധിപ്പിക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ ഡോളർ കരുത്താർജ്ജിച്ചതാണ് സ്വർണത്തെ പ്രതികൂലമായി ബാധിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 14 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 3695 ഡോളറിലേക്ക് സ്വർണവില കൂപ്പുകുത്തി. നിലവിൽ 143 ഡോളർ കുറഞ്ഞ് 3719 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇതിന്റെ പ്രതിഫലനം കേരളത്തിലെ വിപണിയിലും പ്രകടമാണ്. ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയായും, പവന് 1880 രൂപയുടെ കുറവോടെ 95,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന് 195 രൂപ താഴ്ന്ന് 9805 രൂപയായി. വെള്ളി വിലയിലും വലിയ തകർച്ചയുണ്ട്; ഗ്രാമിന് 5 രൂപ കുറഞ്ഞ് 180 രൂപയിലാണ് വ്യാപാരം തുടരുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം കേരളത്തിൽ പവന് 11,240 രൂപയും ഗ്രാമിന് 1405 രൂപയുമാണ് കുറഞ്ഞത്. 2026 ജനുവരി 29-ന് പവന് 1,31,160 രൂപയും ഗ്രാമിന് 16,395 രൂപയും എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണത്തിന്, പിന്നീട് വന്നത് കനത്ത തിരിച്ചടിയാണ്. ഇതുവരെ പവന് 35,320 രൂപയും ഗ്രാമിന് 4415 രൂപയുമാണ് ഇടിഞ്ഞത്.
അമേരിക്കയിലെ പണപ്പെരുപ്പം അനുവദനീയമായ പരിധിയായ 2 ശതമാനത്തിൽ നിന്നും 4 ശതമാനത്തിന് മുകളിലേക്ക് കുതിച്ചുയർന്ന സാഹചര്യത്തിൽ, പലിശനിരക്ക് കുത്തനെ ഉയർത്താനാണ് ഫെഡറൽ റിസർവ് ഒരുങ്ങുന്നത്. പലിശനിരക്ക് 0.50% വർധിപ്പിക്കേണ്ടി വരുമെന്ന ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വോളറുടെ മുന്നറിയിപ്പ് ഡോളറിന് ആക്കം കൂട്ടുകയും സ്വർണത്തിന് തിരിച്ചടിയാവുകയും ചെയ്തു.
ഫെഡറൽ റിസർവ് ഉന്നതരായ ജോൺ വില്യംസ്, ആൽബെർട്ടോ മുസ്സലെം എന്നിവരും സമാനമായ നിലപാട് സ്വീകരിച്ചതോടെ പലിശവർധന ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. രാജ്യാന്തര വിപണിയിൽ സ്വർണവില 3500 ഡോളറിലേക്ക് ഇടിയുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ, കേരളത്തിൽ സ്വർണവില പവന് 90,000 രൂപയിലേക്ക് വരെ താഴാൻ സാധ്യതയുണ്ട്.




