NEWS

സ്ത്രീശക്തി ലോട്ടറി: ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകൾ; നറുക്കെടുപ്പിൽ ആശയക്കുഴപ്പം

കുണ്ടറയിൽ ഇന്ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന സ്ത്രീശക്തി ലോട്ടറിയിൽ ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകൾ കണ്ടെത്തി. പെരിനാട് ചെറുമൂട് പ്രവർത്തിക്കുന്ന അഖിൽ ലോട്ടറി ഏജൻസി ഉടമ ആർ. സന്തോഷിനാണ് ഈ അസാധാരണ സംഭവം നേരിടേണ്ടി വന്നത്. ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള സ്ത്രീശക്തി ലോട്ടറിയുടെ എസ്.സി 817746 എന്ന നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ ഒരേ കെട്ടിൽ അടുത്തടുത്തായി ഇരിക്കുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

കഴിഞ്ഞ മുപ്പതാം തീയതി കൊല്ലം ലോട്ടറി ഓഫീസിൽ നിന്നാണ് സന്തോഷ് മുന്നൂറ് ടിക്കറ്റുകൾ വാങ്ങിയിരുന്നത്. ഇതിൽ ഒരു കെട്ടിൽ ഇരുപത്തിയഞ്ച് ടിക്കറ്റുകൾ വീതമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച വൈകുന്നേരം സ്ഥിരമായി ടിക്കറ്റ് വാങ്ങുന്ന ചെറുകിട കച്ചവടക്കാർക്കായി ബിൽ തയ്യാറാക്കുന്നതിനിടയിലാണ് ടിക്കറ്റ് നമ്പറുകളിലെ പൊരുത്തക്കേട് സന്തോഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ സ്കാൻ ചെയ്തപ്പോൾ, ഇവ തന്റെ ഏജൻസിയുടെ പേരും രജിസ്ട്രേഷൻ നമ്പറും സഹിതമുള്ള യഥാർത്ഥ ടിക്കറ്റുകളാണെന്ന് വ്യക്തമായി. ഇതൊരു അച്ചടിപ്പിശകാണെന്ന് തിരിച്ചറിഞ്ഞ സന്തോഷ്, സംഭവം ഉടൻ തന്നെ ജില്ലാ ലോട്ടറി ഓഫീസർക്കും ലോട്ടറി ഡയറക്ടർക്കും പരാതിയായി നൽകി.

ഈ ടിക്കറ്റുകൾക്ക് സമ്മാനം ലഭിക്കുകയാണെങ്കിൽ അത് എങ്ങനെ സ്ഥിരീകരിക്കുമെന്നും ആർക്ക് നൽകുമെന്നും ഉള്ള ആശങ്കയിലാണ് സന്തോഷ്. മാത്രമല്ല, ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ കാണുമ്പോൾ ഉപഭോക്താക്കൾ ഇത് വ്യാജമാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്ക പങ്കുവെച്ചു.

Fashion ⏭️

Back to top button