LIFESTYLE

അറുപത്തിനാലാം വയസ്സിലും നീന്തൽക്കുളത്തിൽ അത്ഭുതമായി ഇന്ദിര: അന്താരാഷ്ട്ര മത്സരങ്ങളിൽ നേട്ടവുമായി താരം


സ്നേഹപ്രഭ

കോഴിക്കോട്: അറുപത്തിനാലാം വയസ്സിലും ഊർജ്ജസ്വലത കൈവിടാതെ നീന്തൽക്കുളത്തിൽ അത്ഭുതങ്ങൾ തീർക്കുകയാണ് സ്നേഹപ്രഭ. വെള്ളന്നൂർ പുൽപ്പറമ്പ് സ്വദേശിയായ ഇവർ, നീന്തൽ പരിശീലകയെന്ന നിലയിൽ അനേകം കുരുന്നുകൾക്ക് വഴികാട്ടിയായതിന് പിന്നാലെ, ഇപ്പോൾ കായികരംഗത്ത് മെഡലുകൾ വാരിക്കൂട്ടി രാജ്യത്തിന് തന്നെ അഭിമാനമായി മാറുകയാണ്. അടുത്തിടെ നടന്ന രണ്ടാമത് ഏഷ്യൻ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിലെ 400 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ വെള്ളിമെഡൽ അണിഞ്ഞതാണ് ഈ കായികതാരത്തിന്റെ ഏറ്റവും പുതിയ നേട്ടം. അൻപത്തിയേഴാം വയസ്സിൽ തുടങ്ങിയ മത്സര യാത്രയിലൂടെ ഇന്ന് സംസ്ഥാന-ദേശീയ തലങ്ങളിൽ അനിഷേധ്യ സാന്നിധ്യമായി സ്നേഹപ്രഭ മാറിയിരിക്കുന്നു.

തുടക്കം 2022ൽ

കോട്ടയത്ത് വെച്ച് 2022-ൽ സംഘടിപ്പിച്ച പതിനൊന്നാമത് സ്റ്റേറ്റ് മാസ്റ്റേഴ്സ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കിക്കൊണ്ടാണ് മത്സരരംഗത്ത് ഇവർ തന്റേതായ ഇടം കണ്ടെത്തിയത്. സ്വന്തം വസതിയോടു ചേർന്ന് സ്ഥാപിച്ച ‘സ്നേഹപ്രഭ സ്വിമ്മിംഗ് അക്കാദമി’യിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനിടയിലാണ് മത്സരങ്ങളെക്കുറിച്ചറിഞ്ഞ് ഇവർ അതിൽ ഭാഗഭാക്കായത്. തുടർന്ന് പലതവണയായി നടന്ന വിവിധ മത്സരങ്ങളിൽ നിന്ന് സ്വർണവും വെള്ളിയും വെങ്കലവുമടക്കം 14 മെഡലുകൾ സ്വന്തമാക്കാൻ സ്നേഹപ്രഭയ്ക്ക് സാധിച്ചു. 2025-ൽ കൊച്ചിയിൽ നടന്ന സ്വിമത്തൺ അൾട്രയുടെ ഭാഗമായി രണ്ട് കിലോമീറ്റർ നീളുന്ന ഓപ്പൺ വാട്ടർ നീന്തലിലും ഇവർ പങ്കെടുത്തു. ബാക്ക്സ്ട്രോക്ക്, ഫ്രീ സ്റ്റൈൽ എന്നിവയിലാണ് ഇവർ പ്രധാനമായും മികവ് തെളിയിക്കുന്നത്.

പൊതുക്കുളത്തിൽ നിന്ന് സ്വന്തം നീന്തൽക്കുളത്തിലേക്ക്

അഞ്ചാം വയസ്സിൽ പിതാവിൽ നിന്ന് നീന്തലിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച സ്നേഹപ്രഭ, 2010 മുതൽ നാട്ടിലെ കുട്ടികൾക്കായി സൗജന്യ നീന്തൽ പരിശീലനം ആരംഭിച്ചു. പിന്നീട് 41 ലക്ഷം രൂപ മുടക്കി സ്വന്തമായി നീന്തൽക്കുളം നിർമ്മിച്ചതോടെ പരിശീലനം കൂടുതൽ വിപുലമാക്കി. ‘സ്നേഹപ്രഭ സ്വിമ്മിംഗ് അക്കാദമി’ എന്ന പേരിൽ തുടങ്ങിയ ഈ സ്ഥാപനത്തിലൂടെ ഇതുവരെ അയ്യായിരത്തിലധികം പേർക്ക് നീന്തലിൽ പ്രാവീണ്യം നേടാനായി.

പൊതുകുളങ്ങളിലും അക്കാദമിയിലുമായി ഇതുവരെ പതിനായിരത്തിലേറെ ആളുകളെ ഇവർ നീന്താൻ പഠിപ്പിച്ചിട്ടുണ്ട്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ഇവരുടെ ശിഷ്യഗണത്തിലുണ്ട്. വീട്ടമ്മമാരും അദ്ധ്യാപകരും ഭിന്നശേഷിക്കാരായ കുട്ടികളുമെല്ലാം പരിശീലനം തേടി ഇവിടെ എത്തുന്നു. ശുചിത്വത്തിന് വലിയ പ്രാധാന്യം നൽകുന്ന ഇവർ, ഓരോ പരിശീലന സെഷന് ശേഷവും പൂൾ വൃത്തിയാക്കുന്നുണ്ട്. കൂടാതെ, തന്റെ വരുമാനത്തിൽ നിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്ന ഇവർ ‘പ്രതീക്ഷ’ എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റും രൂപീകരിച്ചിട്ടുണ്ട്.

Sports ⏭️

Back to top button