NEWS

റഷ്യയിൽ വല വിരിച്ച് എപ്സ്റ്റീൻ: 17 യുവതികളെ ഉപയോഗിച്ച് അതിസമ്പന്നരുമായി ബന്ധം സ്ഥാപിച്ചു

വാഷിങ്ടൻ ∙ 2008-ലെ ലൈംഗിക കുറ്റകൃത്യത്തെത്തുടർന്ന് ലോകത്തെ ഉന്നതതലങ്ങളിൽ നിന്നും തനിക്ക് നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാൻ ജെഫ്രി എപ്സ്റ്റീൻ റഷ്യൻ ബന്ധങ്ങളെ ഫലപ്രദമായി വിനിയോഗിച്ചിരുന്നതായാണ് പുതിയ വെളിപ്പെടുത്തൽ. റഷ്യയിൽ നിന്നുള്ള കുറഞ്ഞത് 17 യുവതികളെ എപ്സ്റ്റീൻ തന്റെ ലൈംഗിക ചൂഷണ ശൃംഖലയുടെ ഭാഗമാക്കിയെന്നും, ഒപ്പം അവിടുത്തെ അതിസമ്പന്നരായ വ്യവസായ പ്രമുഖരുമായും ഉന്നത ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം കെട്ടിപ്പടുക്കാൻ ശ്രമിച്ചുവെന്നും റോയിട്ടേഴ്സിന്റെ അന്വേഷണാത്മക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നൂറുകണക്കിന് രേഖകൾ പരിശോധിച്ചും ഇരുപതിലധികം ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്. ഇരകളായവരിൽ മൂന്നുപേർ നിയമനടപടികളുമായി എപ്സ്റ്റീനെതിരെ രംഗത്തെത്തിയിരുന്നു.

1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷമുള്ള കാലഘട്ടത്തിലാണ് റഷ്യൻ മോഡലിങ് രംഗത്തേക്ക് എപ്സ്റ്റീൻ തന്റെ ശ്രദ്ധ തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ അടുത്ത സഹായിയായ ഫ്രഞ്ച് മോഡലിങ് ഏജന്റ് ജീൻ-ലൂക്ക് ബ്രൂണൽ വഴി കിഴക്കൻ യൂറോപ്പിൽ നിന്ന് യുവതികളെ റിക്രൂട്ട് ചെയ്ത് പാരീസിലേക്കും അമേരിക്കയിലേക്കും കടത്തിയിരുന്നു. 1991 സെപ്റ്റംബറിൽ പാരീസിൽ നടന്ന ഒരു വിരുന്നിൽ, പ്രായപൂർത്തിയാകാത്ത റഷ്യൻ പെൺകുട്ടിയെ എപ്സ്റ്റീന്റെ മടിയിൽ ഇരുത്തിയിരിക്കുന്നത് കണ്ടുവെന്ന് മുൻ മോഡലായ തിസിയ ഹ്യൂസ്മാൻ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. ബ്രൂണലിന്റെ മയാമിയിലുള്ള എംസി2 മോഡൽസ് മാനേജ്‌മെന്റ് റഷ്യയിൽ നിന്ന് വലിയ തോതിൽ റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നു. ഇവർക്ക് താമസസൗകര്യം ഒരുക്കുന്നതിന്റെ മറവിലായിരുന്നു എപ്സ്റ്റീന്റെ ക്രൂരമായ ചൂഷണങ്ങൾ അരങ്ങേറിയത്. സാമ്പത്തികമായും ഇമിഗ്രേഷൻ രേഖകളുടെ കാര്യത്തിലും തന്നെ പൂർണ്ണമായും വരുതിയിലാക്കി എപ്സ്റ്റീൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് മുൻ മോഡലായ സ്വെറ്റ്‌ലാന പൊഷിദയേവയും സാക്ഷ്യപ്പെടുത്തുന്നു.

Fashion ⏭️

Back to top button