തെലങ്കാന കോൺഗ്രസിൽ രേവന്ത് റെഡ്ഡിക്കെതിരെ വിമത നീക്കം; വിമത എംഎൽഎമാരെ പരിഹസിച്ച് മുഖ്യമന്ത്രി

തെലങ്കാനയിൽ ഭരണം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുതന്നെ കടുത്ത അതൃപ്തി പുകയുന്നു. ജനപ്രതിനിധികളും മുതിർന്ന നേതാക്കളും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതോടെ സംസ്ഥാന കോൺഗ്രസ് വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലാണ്. വികസന ഫണ്ടുകൾ വിഭജിക്കുന്നതിൽ കാണിക്കുന്ന വിവേചനം, അഴിമതി ആരോപണങ്ങൾ, മന്ത്രിസഭയിലെ ആഭ്യന്തര ഭിന്നതകൾ തുടങ്ങിയ വിഷയങ്ങളിൽ ഹൈക്കമാൻഡിന് പരാതികൾ ലഭിച്ചുകഴിഞ്ഞു.
മുനുഗോഡ് എംഎൽഎ കോമട്ടിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡി നടത്തിയ രൂക്ഷമായ വിമർശനമാണ് പാർട്ടിക്കുള്ളിലെ കലഹം വീണ്ടും പുറത്തുകൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തരായ നേതാക്കളുടെ മണ്ഡലങ്ങൾക്ക് മാത്രമാണ് വികസന പദ്ധതികൾക്കായി പണം അനുവദിക്കുന്നതെന്നും, മറ്റു മണ്ഡലങ്ങൾ തഴയപ്പെടുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. വരും ദിവസങ്ങളിൽ വലിയൊരു രാഷ്ട്രീയ പോരാട്ടത്തിന് താൻ തയാറാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. എന്നാൽ, വിമത ശബ്ദമുയർത്തിയ എംഎൽഎമാരെ പേപ്പട്ടി കടിച്ചവരോട് ഉപമിച്ചുകൊണ്ട് രേവന്ത് റെഡ്ഡി നടത്തിയ പ്രസ്താവന സ്ഥിതി കൂടുതൽ വഷളാക്കി. ഒരു മുഖ്യമന്ത്രിക്ക് ചേർന്ന പദപ്രയോഗമല്ല ഇതെന്നും, അഴിമതിരഹിത ഭരണം എന്ന സർക്കാരിന്റെ വാഗ്ദാനം വെറും പ്രഹസനമാണെന്നും രാജ് ഗോപാൽ റെഡ്ഡി തിരിച്ചടിച്ചു.
2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗതി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് പാർട്ടിയിലെ ഈ പൊട്ടിത്തെറി. 2020-ലെ ജിഎച്ച്എംസി തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന്, 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഹൈദരാബാദ് പരിധിയിലെ 24 സീറ്റുകളിൽ ഒന്നുപോലും നേടാനായില്ല. ഈ പശ്ചാത്തലത്തിൽ, ഇടഞ്ഞുനിൽക്കുന്ന എംഎൽഎമാരെ അനുനയിപ്പിക്കുക, മന്ത്രിമാർക്കിടയിലെ തർക്കങ്ങൾ അവസാനിപ്പിക്കുക, അഴിമതി ആരോപണങ്ങളിൽ തീർപ്പുണ്ടാക്കുക, കൂടാതെ ഭരണകൂടവും പാർട്ടിയും തമ്മിലുള്ള ഏകോപനം ഉറപ്പാക്കുക തുടങ്ങിയ കടുത്ത വെല്ലുവിളികളാണ് എഐസിസി പുതിയതായി ചുമതലപ്പെടുത്തിയ ബി.എം. സന്ദീപ് കുമാറിനെ കാത്തിരിക്കുന്നത്.




