NEWS

വിവാഹപ്പന്തലിൽ സ്ത്രീധന തർക്കം: 13 ലക്ഷം രൂപയുടെ കാർ ആവശ്യപ്പെട്ട് വധുവിനെ ഉപേക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ

ചണ്ഡിഗഡ്: സ്ത്രീധനത്തിന്റെ പേരിൽ അമിത ഡിമാൻഡുകൾ ഉന്നയിക്കുകയും, ആവശ്യപ്പെട്ട വാഹനം ലഭിക്കാത്തതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് വരൻ ഒഴിഞ്ഞുമാറുകയും ചെയ്ത സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥനായ കുൽദീപാണ് വിവാഹപ്പന്തലിൽ വച്ച് വധുവിനെയും കുടുംബത്തെയും നാണംകെടുത്തി സ്ഥലംവിട്ടത്. വധുവിന്റെ പിതാവ് സുഭാഷ് കുമാർ പൊലീസിൽ നൽകിയ പരാതിയിലാണ് സംഭവത്തിന്റെ ഗൗരവം വ്യക്തമാകുന്നത്. വിവാഹത്തിനായി ഒൻപതര ലക്ഷം രൂപയുടെ കാർ നേരത്തെ തന്നെ കുടുംബം ബുക്ക് ചെയ്തിരുന്നു. എന്നാൽ, താലികെട്ടിന് തൊട്ടുമുൻപുള്ള ദിവസം 13 ലക്ഷം രൂപ വിലയുള്ള വാഹനം തന്നെ വേണമെന്ന് വരൻ വാശിപിടിച്ചു. ചുരുങ്ങിയ സമയം കൊണ്ട് പുതിയ കാർ സംഘടിപ്പിക്കാൻ വധുവിന്റെ വീട്ടുകാർക്ക് സാധിക്കാതെ വന്നതോടെയാണ് വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയത്.

ആറു മാസം മുൻപാണ് ഹീനയും കുൽദീപും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. അന്ന് മുതൽക്കേ കാറിനായും സ്വർണാഭരണങ്ങൾക്കായും വരന്റെ വീട്ടുകാർ നിരന്തര സമ്മർദ്ദം ചെലുത്തിയിരുന്നതായി സുഭാഷ് കുമാർ ആരോപിക്കുന്നു. കരാർ പ്രകാരം വരന് രണ്ട് പവന്റെ സ്വർണ്ണമാല, അമ്മയ്ക്ക് നാല് പവന്റെ കമ്മൽ, വെള്ളി പാദസരങ്ങൾ എന്നിവയ്ക്ക് പുറമെ, വരന്റെ സഹോദരനും ഭാര്യയ്ക്കും ആഭരണങ്ങൾ നൽകാൻ വധുവിന്റെ വീട്ടുകാർ സന്നദ്ധരായിരുന്നു. ഇതിനായി മുൻകൂട്ടി ഓർഡറും നൽകി. ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഫർണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതടക്കം വിവാഹത്തിനായി 25 മുതൽ 30 ലക്ഷം രൂപ വരെ തങ്ങൾ ചിലവാക്കിയെന്ന് വധുവിന്റെ പിതാവ് വെളിപ്പെടുത്തി.

വരന്റെ പക്ഷത്ത് നിന്നും വളരെ ചുരുക്കം പേർ മാത്രമാണ് ചടങ്ങിന് എത്തിയത്. വിവാഹം മുടങ്ങിയതോടെ എത്തിയ അതിഥികളിൽ പലരും ഭക്ഷണം പോലും കഴിക്കാതെ മടങ്ങിപ്പോയി. ഉന്നത ബിരുദധാരിണിയായ ഹീനയ്ക്ക് നേരിടേണ്ടി വന്ന ഈ അപമാനത്തിൽ ശക്തമായ നിയമനടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുൽദീപിനും കുടുംബത്തിനുമെതിരെ രേഖാമൂലമുള്ള പരാതി നൽകിയിട്ടുണ്ടെന്നും വധുവിന്റെ പിതാവ് കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button