മദ്യനയത്തിൽ അനിശ്ചിതത്വം: പുതിയ ബാർ ലൈസൻസുകൾക്ക് സർക്കാർ നിയന്ത്രണം; മന്ത്രിയറിയാതെ രണ്ട് അനുമതികൾ നൽകി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആഭ്യന്തര ലോഞ്ചിൽ രണ്ട് പുതിയ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകിയതാണ് വിവാദമായിരിക്കുന്നത്. ട്രാവൽ ഫുഡ് സർവീസ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് എഫ്‌എൽ-7 വിഭാഗത്തിൽപ്പെട്ട ലൈസൻസുകൾ കൈമാറിയത്.
2026 ജൂൺ 22-നാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. എക്സൈസ് കമ്മീഷണർ സാംബശിവ റാവു ആണ് ലൈസൻസ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്. എന്നാൽ, പുതിയ ലൈസൻസ് നൽകിയ കാര്യം എക്സൈസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് സൂചന. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ അനുവദിക്കില്ലെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപിത നിലപാടെന്ന് മന്ത്രി എം. ലിജു കഴിഞ്ഞദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ബാർ ലൈസൻസുകൾ നൽകുന്നതുമായി ബന്ധപ്പെട്ട അധികാരം ഡെപ്യൂട്ടി കമ്മീഷണർമാർക്ക് കൈമാറിയത് മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾക്ക് അനുസൃതമായി മാത്രമേ തുടർനടപടികൾ ഉണ്ടാകുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണർ തലത്തിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർക്കാർ നയം വ്യക്തമായി അറിഞ്ഞിട്ടും ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും. സാമൂഹിക പ്രതിബദ്ധതയോടെയുള്ള തീരുമാനങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്നും തെറ്റായ നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




