CINEMA

എ സർട്ടിഫിക്കറ്റ് ചിത്രം കാണാൻ കുട്ടികളും, ‘ജനനായകൻ’ സിനിമയുടെ പ്രദർശനം റദ്ദാക്കി


ജനനായകൻ സിനിമയുടെ പോസ്റ്റർ,​ തിയേറ്ററിൽ നിന്നുള്ള രംഗം Image Credit : Instagram

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനായ ‘ ജനനായകൻ ‘ സിനിമയുടെ പ്രദർശനം റദ്ദാക്കി ചെന്നൈയിലെ ചില തിയേറ്ററുകൾ. സെൻസർ‌ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിന്റെ പ്രദർശനത്തിന് കുട്ടികളുമായി കുടുംബങ്ങൾ എത്തിയതാണ് പ്രദ‍ർശനം റദ്ദാക്കിയതിന് കാരണം. ചില തിയേറ്ററുകളിൽ ചിത്രത്തിന്റെ പ്രദർശനം വൈകുകയും ചെയ്തു.

ഇന്നലെ അംബ മാളിലെ പി.വി.ആർ സിനിമാസിലെ രാവിലത്തെ പ്രദ‍ർശനം പൊലീസെത്തി തടയുകയായിരുന്നു. എ സർട്ടിഫിക്കറ്റുള്ള ചിത്രത്തിന് കുട്ടികളുമായി പ്രവേശിച്ചതിനെ തുടർന്നായിരുന്നു പൊലീസ് ഇടപെടൽ. കുട്ടികളുമായി എത്തിയ മാതാപിതാക്കളോട് തിയേറ്ററിന് പുറത്തുപോകാൻ അധികൃതർ ആവശ്യപ്പെട്ടു,​ ഇതേത്തുടർന്ന് ഇവിടെ ഒരു മണിക്കൂറോളം പ്രദർശനം തടസപ്പെട്ടു,​ പണം റീഫണ്ട് ചെയ്തതിനെ തുടന്ന് കുട്ടികളുള്ള കുടുംബങ്ങൾ പുറത്തുപോയതിന് ശേഷമാണ് പ്രദർശനം പുനരാരംഭിച്ചത്.


ചെന്നൈയിലെ തന്നെ പി.വി.ആർ ഗ്രാൻഡ് മാളിലും 18 വയസിന് താഴെയുള്ള കുട്ടികൾ എത്തിയതിനെ തുടർന്ന് തിയേറ്റർ അധികൃതർ ഇടപെട്ടു. ഇതുകാരണം വൈകിയാണ് പ്രദർശനം ആരംഭിച്ചത്. എന്നാൽ മിക്ക തിയേറ്ററുകളിലും സർട്ടിഫിക്കറ്റ് നിബന്ധന പാലിക്കാതെ കുട്ടികളെ സിനിമ കാണാൻ അനുവദിച്ചതായി സോഷ്യൽ മീഡിയയിൽ പരാതി ഉയരുന്നുണ്ട്.

വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ,​ എച്ച് വിനോദ് സംവിധാനം ചെയ്ത ജനനായകൻ ജൂലായ് 23നാണ് തിയേറ്ററിൽ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.
RELATED TOPICS: VIJAY, VIJAY TVK, VIJAY MOVIE, JANANAYAGAN, JANANAYAGAN MOVIE, JANANAYAKAN MOVIE


Business ⏭️

Back to top button