ചക്കുളത്തുകാവ് പൊങ്കാല: 24-ന്; തിരുവല്ല-അമ്പലപ്പുഴ സംസ്ഥാനപാതയിൽ 23-രാത്രി മുതൽ ഗതാഗത നിയന്ത്രണം

എടത്വ ∙ പ്രസിദ്ധമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം തൃക്കാർത്തിക ദിനമായ നാളെ ഭക്ത്യാദരപൂർവ്വം നടക്കും. ദേവീപ്രീതിക്കായി പൊങ്കാല അർപ്പിക്കാൻ വ്രതശുദ്ധിയോടെ തയാറെടുക്കുകയാണ് വിശ്വാസികൾ. ദൂരദേശങ്ങളിൽ നിന്നെത്തിയ ഭക്തജനങ്ങളടക്കം ഇതിനകം ക്ഷേത്രസന്നിധിയിൽ അണയുകയും, പൊങ്കാല അടുപ്പുകൾ തീർത്ത് പുണ്യമുഹൂർത്തത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു. ഇന്ന് സന്ധ്യയോടെ ക്ഷേത്രവും സമീപത്തെ വഴിയോരങ്ങളും പൊങ്കാലക്കലങ്ങളാൽ നിറയും. ദിവസങ്ങൾക്ക് മുൻപേ തന്നെ ക്ഷേത്ര പരിസരത്ത് സ്ഥലം ഉറപ്പിച്ചവരാണ് അധികവും. റോഡരികിൽ സ്ഥാനം പിടിക്കുന്നതിനായി പലരും ഇഷ്ടികകൾ നിരത്തിയും കയറുകൾ കെട്ടിയും മനോഹരമായി ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.
പൊങ്കാല അർപ്പിക്കാനെത്തുന്ന ആയിരക്കണക്കിന് ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ ഒൻപത് മണിക്ക് വിളിച്ചു ചൊല്ലി പ്രാർഥന നടക്കും. തുടർന്ന് ക്ഷേത്ര ശ്രീകോവിലിൽ നിന്ന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി കൊടിവിളക്കിലേക്ക് പകരുന്ന ദീപം, പണ്ടാര പൊങ്കാലയ്ക്ക് സമീപം സജ്ജീകരിച്ചിട്ടുള്ള ഗണപതി വിളക്കിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി തെളിക്കുന്നതോടെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമാകും.
തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്കൂൾ മൈതാനം, ജെ.ജെ ഗ്രൗണ്ട്, വളഞ്ഞവട്ടം ഷുഗർ മിൽ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. കോട്ടയം, പുനലൂർ ഭാഗങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ തിരുവല്ല നഗരസഭാ സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യാനാണ് നിർദ്ദേശം. ആലപ്പുഴ, എറണാകുളം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ തിരുവല്ല, എടത്വ, കോയിൽമുക്ക് കെഎസ്ഇബി സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, വാട്ടർ അതോറിറ്റി പരിസരം, എടത്വ സെന്റ് അലോഷ്യസ് കോളേജ്, ഹോളി എയ്ഞ്ചൽസ് സ്കൂൾ ഗ്രൗണ്ട് എന്നീ നിശ്ചിത കേന്ദ്രങ്ങളിൽ ഒതുക്കി ഇടേണ്ടതാണ്.




