ഇന്ത്യയിൽ വൻ മുന്നേറ്റവുമായി ബിവൈഡി; വിൽപന 20,000 പിന്നിട്ടു

ഇന്ത്യൻ വാഹന വിപണിയിൽ അവിശ്വസനീയമായ കുതിപ്പാണ് ബിവൈഡി (BYD) കാഴ്ചവെക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ 20,000 യൂണിറ്റ് കാറുകൾ വിറ്റഴിക്കാൻ കമ്പനിക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. 2025 സെപ്റ്റംബർ ആയപ്പോഴേക്കും 10,000 യൂണിറ്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ട ബിവൈഡി, പിന്നീട് റെക്കോർഡ് വേഗതയിൽ വിൽപ്പന നടത്തിയാണ് ഒരു വർഷത്തിനുള്ളിൽ ഈ നേട്ടം ഇരട്ടിയാക്കിയത്. നിലവിൽ രാജ്യത്തെ 40-ഓളം നഗരങ്ങളിലായി 51 ഡീലർഷിപ്പുകൾ ബിവൈഡിക്കുണ്ട്. കൂടാതെ, ബിവൈഡിയുടെ ആഡംബര വിഭാഗമായ ഡെൻസയുടെ (Denza) കീഴിൽ ഡി9, Z9ജിടി എന്നീ രണ്ട് കിടിലൻ മോഡലുകളും അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചു.
മികച്ച പെർഫോമൻസും ആകർഷകമായ സ്പോർട്ടി ലുക്കും ആഗ്രഹിക്കുന്നവർക്കായി പുറത്തിറക്കിയ ആഡംബര ഇലക്ട്രിക് സെഡാനാണ് ബിവൈഡി സീൽ. റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ ഓപ്ഷനുകളിൽ എത്തുന്ന ഈ വാഹനത്തിന് 41.50 ലക്ഷം മുതൽ 53.65 ലക്ഷം രൂപ വരെയാണ് വില. ഒറ്റത്തവണ ചാർജ് ചെയ്താൽ 650 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഇതിന്, വെറും 3.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയുണ്ട്. സുരക്ഷയ്ക്കായി 9 എയർബാഗുകളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
ബിവൈഡിയുടെ പ്രീമിയം എസ് യുവി കൂപ്പെയെന്ന നിലയിൽ അറിയപ്പെടുന്ന മോഡലാണ് സീലയൺ 7. സീൽ സെഡാന്റെ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഈ വാഹനത്തിന് 185 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 41.90 ലക്ഷം മുതൽ 55.90 ലക്ഷം രൂപ വരെ വില വരുന്ന ഇതിൽ 82.56kWh ബാറ്ററി പാക്കാണുള്ളത്. ഇത് 567 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
2026 നവംബറിലാണ് ബിവൈഡിയുടെ ലക്ഷ്വറി ബ്രാൻഡായ ഡെൻസ ഇന്ത്യൻ മണ്ണിൽ ചുവടുറപ്പിച്ചത്. ഇതിൽ ആദ്യമെത്തിയ ഡെൻസ ഡി9 എന്ന ഇലക്ട്രിക് എംപിവിക്ക് ഏകദേശം 90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. 730 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ഈ ആഡംബര വാഹനത്തിന് സാധിക്കും. സൂപ്പർ കാറുകൾക്ക് സമാനമായ കരുത്തുള്ള ഇലക്ട്രിക് ഷൂട്ടിങ് ബ്രേക്ക് മോഡലായ ഡെൻസ Z9 ജിടിക്ക് 1.56 കോടി രൂപയോളമാണ് വില നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ കമ്പനിയുടെ എല്ലാ മോഡലുകളും ഇറക്കുമതി വഴിയാണ് ഇന്ത്യയിലെത്തുന്നത്. അതേസമയം, ഇന്ത്യയിലെ ആദ്യ പ്ലഗ് ഇൻ ഹൈബ്രിഡ് മോഡലായി ‘സീൽ യു’ ഉടൻ വിപണിയിലെത്തുമെന്ന സന്തോഷവാർത്തയും കമ്പനി പങ്കുവെച്ചിട്ടുണ്ട്.




