ധനകാര്യ ബില്ലിന് പിന്നിൽ ചില മദ്യക്കമ്പനികളെ സഹായിക്കാനുള്ള ഗൂഢലക്ഷ്യം, ഒളിച്ചുകടത്തലെന്ന് പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (screengrab)
തിരുവനന്തപുരം: അഴിമതിക്ക് കുടപിടിക്കുന്ന ഒരു സർക്കാരിന്റെ യഥാർത്ഥ മുഖമാണ് ഇന്നലെ അവസാനിച്ച നിയമസഭാ സനമ്മേളനത്തിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിയമസഭയുടെ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ടാണ് ധനകാര്യ ബിൽ സഭയിൽ പാസാക്കിയതെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
‘പുതുക്കിയ ബഡ്‌ജറ്റിന്റെ ഷെഡ്യൂൾ നിയമസഭയിൽ വന്നപ്പോൾ അതിൽ ധനകാര്യ ബിൽ ഉണ്ടായിരുന്നില്ല. അത് സർക്കാർ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നില്ല. പുതിയ നികുതി നിർദേശങ്ങളൊന്നും ആ ഘട്ടത്തിൽ ആലോചിച്ചിരുന്നില്ലെന്നാണ് അതിനർത്ഥം. എന്നാൽ കാര്യോപദേശസമിതിയിൽ സർക്കാർ പ്രഖ്യാപിച്ചതും ഇതേ നിലതന്നെയായിരുന്നു.
ബഡ്‌ജറ്റ് അവതരണത്തിനുശേഷം സഭാ സമ്മേളനത്തിന്റെ രണ്ടാം പാദത്തിലാണ് മദ്യക്കമ്പനിക്കുള്ള നികുതിയിളവിന് സാധൂകരണം നൽകാൻ ധനകാര്യ ബിൽ അജണ്ടയിൽ തിരുകികയറ്റിയത്. സഭാ നടപടികളിൽ നല്ല രീതിയിൽ സഹകരിക്കുകയെന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചത്. എന്നാൽ ഒന്നിനുപുറകെ ഒന്നായി സഭയെ തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കുന്നതുമാണ് സഭയിൽ കണ്ടത്.
ക്രമരഹിതമായും പാർലമെന്ററി നടപടികൾക്ക് വിരുദ്ധമായും ധനകാര്യ ബിൽ ധൃതിപിടിച്ച് പാസാക്കാനുള്ള ശ്രമമാണ് നടന്നത്. തികച്ചും നിക്ഷ്പിത താത്‌പര്യങ്ങൾക്ക് അടിസ്ഥാനത്തിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ധനകാര്യ ബിൽ അജണ്ടയിൽ ഉൾപ്പെടുത്തിയത്. ഒരുതരത്തിലുള്ള ഒളിച്ചുകടത്തലാണുണ്ടായത്.
ചില മദ്യക്കമ്പനികളെ സഹായിക്കുകയായിരുന്നു ഇതിന് പിന്നിലുള്ള ഗൂഢലക്ഷ്യം. ഇതിനെയാണ് പ്രതിപക്ഷം എതിർത്തത്. ഇത്തരമൊരു ബിൽ പാസാക്കാൻ അനാവശ്യ ധൃതിയും വാശിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യത്തിൽ നിർബന്ധബുദ്ധി കാണിച്ചത്. ഏത് മാർഗത്തിലൂടെയും മദ്യക്കമ്പനികൾക്ക് നികുതിയിളവ് നൽകണമെന്ന വാശിയാണ് അദ്ദേഹത്തിനുണ്ടായത്. സമൂഹത്തിലാകെ വൻ തോതിൽ മദ്യവ്യാപനമുണ്ടാവും വിലകുറഞ്ഞ മദ്യം ലഭ്യമാകുന്ന നിലയുണ്ടാകും. ബഡ്‌ജറ്റിൽ നിർദേശം വന്നെങ്കിലും യുഡിഎഫാണ് അവസാന തീരുമാനമെടുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ആ കാര്യങ്ങളെല്ലാം പ്രഹസനമാക്കി മാറ്റി’- പിണറായി വിജയൻ ആരോപിച്ചു.
RELATED TOPICS: LIQUOR TAX EXEMPTION, DHANAKARYA BILL KERALA, KERALA ASSEMBLY FINANCE BILL
Source link
NEWS


