BUSINESS

ഹോർമുസ് തുറന്നപ്പോൾ ഇന്ത്യയ്ക്ക് ‘ടാങ്കർ ഷോക്ക്’; കൂലി 9 മടങ്ങ് കൂട്ടി, എണ്ണ കിട്ടിയാലും കൊണ്ടുവരാൻ കപ്പലില്ല


ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽനീക്കം പുനരാരംഭിച്ചെങ്കിലും പ്രതിസന്ധി ഉടനെങ്ങും തീരില്ലെന്ന് വ്യക്തമാക്കി കപ്പൽക്കൂലിയിൽ‌ അവസരം മുതലെടുത്തുള്ള വർധന. ഹോർമുസിലൂടെ ചരക്കുനീക്കം നടത്താൻ എണ്ണക്കപ്പലുകൾ യുദ്ധത്തിന് മുൻപുള്ളതിനേക്കാളും ഇരട്ടിയിലധികം നിരക്കാണ് ഇപ്പോൾ ഈടാക്കുന്നത്. കഴിഞ്ഞ ദിവസം പശ്ചിമേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡോയിൽ കൊണ്ടുവരാനായി 9 മടങ്ങോളം അധികചാർജ് നൽകിയാണ് ഓയിൽ ടാങ്കർ ബുക്ക് ചെയ്തതെന്ന് റിപ്പോർട്ടുണ്ട്.ഹോർമുസ് തുറന്നതോടെ പരമാവധി ക്രൂഡോയിൽ എത്തിക്കാൻ പല രാജ്യങ്ങളിലെയും കമ്പനികൾ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനൊത്ത് കപ്പലുകൾ ലഭ്യമല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. കൂടാതെ ഹോർമുസ് തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങളും നിരക്ക് വർധനയ്ക്കു കാരണമായി. ഇറാനും യുഎസും തമ്മിൽ 60 ദിവസത്തെ വെടിനിർത്തൽ കരാർ‍ ഒപ്പിട്ടെങ്കിലും ഹോർമുസ് വഴിയുള്ള കപ്പൽ നീക്കം സാധാരണ സ്ഥിതിയിലാകാൻ ഇനിയും സമയമെടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. യുദ്ധത്തിനു മുൻപ് പ്രതിദിനം 120-140 വരെ കപ്പലുകളാണ് ഹോർമുസ് വഴി കടന്നുപോയിരുന്നത്. നിലവിൽ കപ്പലുകൾ‍ ഇതുവഴി സഞ്ചരിക്കുന്നുണ്ടെങ്കിലും യുദ്ധത്തിനു മുൻപുള്ള എണ്ണത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണ്.ഹോർമുസിനുള്ളിൽ നൂറോളം കപ്പലുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിലെല്ലാം ഇതിനോടകം ചരക്കു കയറ്റി കഴിഞ്ഞു. ചരക്കുനിറയ്ക്കാനായി കാലിക്കപ്പലുകൾ കിട്ടാനില്ല. ഇതോടെ പുറത്തു നിന്ന് കപ്പലെത്തിച്ചു ചരക്കു കയറ്റാനാണ് കമ്പനികളുടെ ശ്രമം. എന്നാൽ ഇതിനുള്ള ചെലവും വർധിച്ചു. ഒരാഴ്ച മുൻപ് ഒരു ലക്ഷം ഡോളറായിരുന്നു ഹോർമുസിനു പുറത്ത് കപ്പലുകൾ വാടകയ്ക്കെടുക്കാൻ ചെലവായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് രണ്ടു ലക്ഷം ഡോളറായി വർധിച്ചു. അടുത്ത ദിവസങ്ങളിൽ ഇത്  കൂടുതൽ വർധിക്കാൻ സാധ്യതയുണ്ട്.കമ്പനികൾക്ക് കൂടുതൽ വരുമാനംനിരക്ക് ഉയർന്നതോടെ ഹോർമുസിലൂടെ ചരക്കുകൊണ്ടുപോകുന്ന കപ്പൽ കമ്പനികളുടെ വരുമാനത്തിൽ വർധനയുണ്ട്. ഹോർമുസ് വഴി സഞ്ചരിക്കുന്നതിന് നൽകേണ്ട ഇൻഷുറൻസ് പ്രീമിയം കുറഞ്ഞതും കമ്പനികൾക്ക് നേട്ടമാണ്. യുദ്ധ സമയത്ത് കപ്പലിന്റെ വിലയുടെ അഞ്ചു ശതമാനം വരെയായിരുന്നു ഇൻഷുറൻസ് തുകയായി നൽകേണ്ടിയിരുന്നത്. നിലവിലിത് 3 ശതമാനമായി കുറഞ്ഞിട്ടുണ്ട്.


Source link

Back to top button