BUSINESS
പെട്രോളടിക്കാൻ കാത്തിരിപ്പ് 36 മണിക്കൂർ വരെ, ‘സെലെൻസ്കിയുടെ ഡ്രോണിൽ’ വലഞ്ഞ് റഷ്യ, ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇന്ധനം വാങ്ങാൻ പുട്ടിൻ

യുക്രെയ്ൻ യുദ്ധം തീർത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ റഷ്യയെ പിടിച്ചുകുലുക്കി ഇന്ധന പ്രതിസന്ധി. രാജ്യത്ത് ആവശ്യമായ പെട്രോൾ ലഭ്യമല്ലാതായതോടെ ഇന്ത്യയിൽ നിന്നടക്കം ഇറക്കുമതി ചെയ്യാൻ റഷ്യ തീരുമാനിച്ചിരുന്നു. മധ്യസ്ഥരെ ഉപയോഗിച്ച് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വിമാന ഇന്ധനം ഇറക്കുമതി ചെയ്യാൻ റഷ്യ ഒരുങ്ങുകയാണെന്നും വിവരം. അടുത്തകാലം വരെ വിമാന ഇന്ധനം മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമായിരുന്നു റഷ്യ. എന്നാൽ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ രാജ്യത്തെ റിഫൈനറികൾക്ക് കനത്ത നാശം നേരിട്ടതോടെയാണ് മാറ്റം. ജപ്പാനിൽ നിന്ന് നേരിട്ട് വിമാന ഇന്ധനം വാങ്ങാതെ ദക്ഷിണ കൊറിയൻ സഹായത്തോടെ രാജ്യത്തെത്തിക്കാനാണ് റഷ്യയുടെ ശ്രമം. ജപ്പാനിലെ ചിബയിൽ നിന്നാകും ജൂലൈ പകുതിയോടെ രണ്ടു ലക്ഷം ബാരൽ ഇന്ധനം കപ്പലിൽ നിറയ്ക്കുക. തുടർന്ന് ദക്ഷിണ കൊറിയൻ തുറമുഖത്തെത്തിച്ച് മറ്റൊരു കപ്പലിലേക്ക് മാറ്റും. ഇവിടെ നിന്ന് റഷ്യയിലേക്ക് തിരിക്കുമെന്നാണ് വിവരം. 2022ലും സമാന രീതിയിൽ റഷ്യ ജപ്പാനിൽ നിന്ന് എണ്ണ വാങ്ങിയിരുന്നു. കഴിഞ്ഞ വർഷം പ്രതിദിനം 30,000 ബാരൽ വിമാന ഇന്ധനമാണ് റഷ്യ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഇത് ഇക്കൊല്ലം പ്രതിദിനം 13,000 ബാരലായി കുറഞ്ഞു. നിലവിൽ നവംബർ 30 വരെ വിമാന ഇന്ധന കയറ്റുമതിക്ക് റഷ്യ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ കുറച്ച് ആഴ്ചകളായി റഷ്യ വലിയ ഇന്ധന പ്രതിസന്ധിയിലാണ്. യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ കടുത്തതോടെ രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികളിൽ പലതും ക്രൂഡോയിൽ ശുദ്ധീകരണം നിർത്തി. പലയിടങ്ങളിലും പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ 36 മണിക്കൂർ വരെ കാത്തിരിക്കേണ്ട അവസ്ഥയാണെന്നും വിവരം. തുടക്കത്തിൽ നിഷേധിച്ചെങ്കിലും അടുത്തിടെ റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിന് ഇക്കാര്യം സമ്മതിക്കേണ്ടി വന്നിരുന്നു. രാജ്യത്തിന്റെ എല്ലായിടത്തും ഇന്ധനലഭ്യത ഉറപ്പാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും റഷ്യ സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ പ്രതിസന്ധി റഷ്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഇന്ധനത്തിനായി റഷ്യയെ ആശ്രയിക്കുന്ന അയൽ രാജ്യങ്ങളും പ്രതിസന്ധിയിലാണ്. ഉസ്ബെകിസ്ഥാൻ ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനാകുമോയെന്ന അന്വേഷണത്തിലാണ്. കസഖ്സ്ഥാൻ ആകട്ടെ വിമാന സർവീസുകളിൽ അടക്കം നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.
Source link


