BUSINESS
വലുതെടുത്താൽ ചെറുത് ഫ്രീ! 11 വിമാനത്താവളങ്ങൾ കൂടി സ്വകാര്യ മേഖലയ്ക്ക്, അടുത്ത ഘട്ടത്തിൽ കേരളത്തിലേതും?

രാജ്യത്തെ 11 വിമാനത്താവളങ്ങൾ കൂടി സ്വകാര്യ മേഖലയ്ക്ക് വാടകയ്ക്ക് നൽകാൻ കേന്ദ്രസർക്കാർ. എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കീഴിലുള്ള 11 വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറ്റാൻ ഇതുമായി ബന്ധപ്പെട്ട സമിതി അനുമതി നൽകി. ഒരു വലിയ വിമാനത്താവളത്തിനൊപ്പം മറ്റൊരു ചെറുത് കൂടി ഉൾപ്പെടുത്തി അഞ്ച് ബണ്ടിലുകളായാണ് കൈമാറ്റം. അമൃത്സർ, വാരാണസി, ഭുവനേശ്വർ, റായ്പൂർ, തിരിച്ചറപ്പള്ളി എന്നിവയാണ് പ്രധാന വിമാനത്താവളങ്ങൾ. കാംഗ്ര, ഗയ, കുശിനഗർ, ഹുബ്ബാളി, ഔറംഗാബാദ്, തിരുപ്പതി എന്നിവ ചെറിയ വിമാനത്താവളങ്ങളായി പരിഗണിക്കും. ഇവയിൽ നിന്ന് ഓരോ വിമാനത്താവളങ്ങളാണ് ഒരു ബണ്ടിലിൽ ഉൾപ്പെടുത്തുക.വലിയ വിമാനത്താവളങ്ങളുടെ നിയന്ത്രണം ലഭിക്കുന്ന കമ്പനികൾ ചെറു വിമാനത്താവളങ്ങളെക്കൂടി വികസിപ്പിക്കണമെന്ന വ്യവസ്ഥയോടെയാകും കൈമാറ്റം. വ്യോമയാന മേഖലയിലേക്ക് സ്വകാര്യ കമ്പനികളുടെ നിക്ഷേപവും പ്രാഗത്ഭ്യവും കൊണ്ടുവരികയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 50 വർഷത്തേക്ക് ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവ സ്വകാര്യ കമ്പനിയുടെ ചുമതലയാണ്. ഇതിന്റെ സ്പോൺസറിങ്, നടത്തിപ്പ് ഏജൻസി എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയായിരിക്കും. നിർദേശിച്ച പദ്ധതിയിൽ സ്വകാര്യ കമ്പനികൾക്ക് താൽപര്യമുണ്ടോയെന്ന് പരിശോധിക്കാൻ ഉടൻ തന്നെ വ്യോമയാന മന്ത്രാലയം പരിശോധന നടത്തും. ബണ്ടിൽ വ്യവസ്ഥയിൽ വിമാനത്താവളങ്ങൾ കൈമാറാനുള്ള നിർദേശം ഇതാദ്യമാണ്. സ്വകാര്യ കമ്പനികളുടെ നിർദേശങ്ങൾ കൂടി കേട്ട ശേഷം ആവശ്യമെങ്കിൽ പദ്ധതിയിൽ മാറ്റം വരുത്തും. 2019ലാണ് എഎഐയ്ക്ക് കീഴിലുള്ള വിമാനത്താവങ്ങൾ കേന്ദ്രസർക്കാർ ആദ്യമായി സ്വകാര്യ മേഖലയ്ക്ക് നൽകുന്നത്. അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിനാണ് 50 വർഷത്തേക്ക് അനുവദിച്ചത്. രണ്ടാം ഘട്ടമായി ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം വിമാനത്താവളങ്ങളും അദാനിക്ക് കൈമാറി. ‘ദേശീയ ധനസമ്പാദന പദ്ധതി’യുടെ (നാഷനൽ മോണെട്ടൈസേഷൻ പൈപ്പ്ലൈൻ 2.0) രണ്ടാം ഘട്ടത്തിന്റെ ഭാഗമായി എഎഐയുടെ കീഴിലുള്ള 26 വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാനാണ് കേന്ദ്രനീക്കം. അഞ്ചു വർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കും. 14,950 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടമെന്ന നിലയിലാണ് 11 വിമാനത്താവളങ്ങളുടെ പട്ടിക തയാറാക്കിയത്. അടുത്ത ഘട്ടത്തിൽ കരിപ്പൂർ അടക്കമുള്ള വിമാനത്താവളവും ഉണ്ടാകുമെന്നാണ് വിവരം.
Travel ⏭️


