BUSINESS

ഓണത്തിന് തൊട്ടുമുമ്പ് അടുക്കള ബജറ്റ് തകര്‍ത്ത് പഞ്ചസാര വില കുതിക്കുന്നു; കാരണം ഇ20 നയമോ?


Sugar Price Surge: അടുക്കള ബജറ്റിന് കനത്ത ആഘാതമേല്‍പ്പിച്ച് രാജ്യത്തും കേരളത്തിലും പഞ്ചസാര വില കുതിച്ചുയരുന്നു. ഓണക്കാലത്ത് പഞ്ചസാര വില കുതിച്ചുയര്‍ന്നത് മലയാളികളെ നിരാശയിലാഴ്ത്തുന്നു. ഇ20 ഇന്ധന നയത്തിനായി കരിമ്പ് വകമാറ്റിയതും, പ്രതികൂല കാലാവസ്ഥ മൂലം ഉല്‍പ്പാദനം കുറഞ്ഞതുമാണ് വിപണിയെ ഉലച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ഇറക്കുമതി ഉദാരമാക്കിയും, സ്റ്റോക്ക് പരിധി നിശ്ചയിച്ചും സര്‍ക്കാര്‍ വിലക്കയറ്റത്തിന് തടയിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ ആശങ്കകള്‍ തുടരുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ ഇന്ന് മൊത്ത വിപണിയില്‍ പഞ്ചസാര കിലോയ്ക്ക് 60 മുതല്‍ 66 രൂപ വരെയും, ചില്ലറ വിപണിയില്‍ കിലോയ്ക്ക് 72 രൂപ മുതല്‍ 80 രൂപ വരെയുമാണ് വില.പഞ്ചസാര വില വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങള്‍ഇന്ത്യയുടെ എഥനോള്‍ നയത്തെ തന്നെയാണ് അധികവും പഴിക്കുന്നത്. പെട്രോളില്‍ 20% എഥനോള്‍ കലര്‍ത്തുന്ന നയത്തിന്റെ ഭാഗമായി കരിമ്പ് വന്‍തോതില്‍ എഥനോള്‍ നിര്‍മാണത്തിന് വകമാറ്റിയത് ക്ഷാമത്തിന് ഇടയാക്കിയെന്ന് വിപണി വിദഗ്ധരും പ്രതിപക്ഷവും ആരോപിക്കുന്നു. അതേസമയം എഥനോള്‍ നിര്‍മാണത്തിന് പ്രധാനമായും ചോളമാണ് ഉപയോഗിക്കുന്നതെന്നും, വിപണിയിലെ കൃത്രിമത്വമാണ് വില കൂട്ടിയതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.കരിമ്പ് ഉല്‍പ്പാദനത്തിലെ കുറവ്കരിമ്പ് ഉല്‍പ്പാദന സംസ്ഥാനങ്ങളില്‍ കരിമ്പിനെ ബാധിച്ച ചെമ്പീരു രോഗവും (Red Rot), ശക്തമായ മഴയും വരള്‍ച്ചയും കാരണം ഉല്‍പ്പാദനം 343 ലക്ഷം ടണ്ണില്‍ നിന്ന് 306 ലക്ഷം ടണ്ണായി കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. കേരളത്തിലെ ഓണം, ഉത്തരേന്ത്യയിലെ ഗണേഷ് ചതുര്‍ത്ഥി, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ മൂലം പഞ്ചസാരയുടെ ആവശ്യകത കുതിച്ചുയരുകയും ചെയ്തു.ഉത്സവസീസണില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന വിലയിരുത്തലില്‍ കൂടുതല്‍ ലാഭം ലക്ഷ്യമിട്ട് ചിലര്‍ നടത്തിയ പൂഴ്ത്തിവെപ്പാണ് വെല്ലുവിളിയായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രമുഖ പഞ്ചസാര ഉല്‍പ്പാദന രാജ്യമായ ബ്രസീലിലടക്കം വിളവെടുപ്പ് വൈകിയതോടെ അന്താരാഷ്ട്ര വിപണിയിലും പഞ്ചസാര വില വര്‍ധിച്ചിട്ടുണ്ട്.വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍വിപണിയില്‍ ലഭ്യത ഉറപ്പാക്കാന്‍ ഒക്ടോബര്‍ 31 വരെ 10 ലക്ഷം മെട്രിക് ടണ്‍ അസംസ്‌കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്തിനുള്ളിലെ സ്റ്റോക്ക് ഉറപ്പാക്കാന്‍ പഞ്ചസാരയുടെ കയറ്റുമതിയും തടഞ്ഞിട്ടുണ്ട്.വ്യാപാരികള്‍ക്ക് പരമാവധി 400 ടണ്‍ വരെ മാത്രമേ സ്‌റ്റോക്ക് ചെയ്യാന്‍ അനുമതിയുള്ളൂ. വന്‍കിട ഉപഭോക്താക്കള്‍ക്ക് 15 ദിവസത്തെ ആവശ്യത്തിനുള്ള സ്റ്റോക്ക് കൈവശം വയ്ക്കാം. ഒക്ടോബര്‍ 15 ഓടെ പുതിയ സീസണിലെ കരിമ്പ് വിളവെടുപ്പ്, സംസ്‌കരണ നടപടികള്‍ ആരംഭിക്കാന്‍ മില്ലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൂഴ്ത്തിവെപ്പ് തടയാന്‍ കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം മില്ലുകളിലും, വിതരണ കേന്ദ്രങ്ങളിലും പരിശോധനകള്‍ നടത്തിവരുന്നു.ഇനി വില കൂടാനുള്ള സാധ്യതയുണ്ടോതീരുവയില്ലാത്ത ഇറക്കുമതി പഞ്ചസാര വിപണിയിലെത്തുന്നതോടെയും, ഒക്ടോബര്‍ പകുതിയോടെ പുതിയ ഉല്‍പ്പാദനം ആരംഭിക്കുന്നതോടെയും ഉത്സവ സീസണില്‍ വില കൂടുതല്‍ ഉയരുന്നത് തടയാനാകും. എന്നാല്‍ ആഗോളതലത്തിലെ പ്രതികൂല കാലാവസ്ഥയും, വിതരണ തടസങ്ങളും തുടര്‍ന്നാല്‍ അടുത്ത കുറച്ചു മാസങ്ങളില്‍ വില ഇനിയും ഉയരാം. നിലവിലെ സാഹചര്യത്തില്‍ വില പെട്ടെന്ന് പഴയ നിലയിലേക്ക് താഴാനുള്ള സാധ്യതയും കുറവാണ്.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍വില ഇനിയും കൂടുമെന്ന ഭയത്താല്‍ കൂടുതല്‍ പഞ്ചസാര വാങ്ങി സൂക്ഷിക്കേണ്ടതില്ല. ഇത്തരം നടപടികളാണ് വിപണിയില്‍ കൃത്രിമ ക്ഷാമവും, കൂടുതല്‍ വിലക്കയറ്റവും ഉണ്ടാക്കുന്നത്. പൊതുവിതരണ സംവിധാനങ്ങള്‍ ഉപയോഗിക്കുകയാണ് ഏറ്റവും ബുദ്ധി. സപ്ലൈകോ, റേഷന്‍ കടകള്‍, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സര്‍ക്കാര്‍ വിപണികളിലൂടെ ലഭ്യമാകുന്ന സബ്‌സിഡി, വിലക്കുറവുള്ള പഞ്ചസാര പ്രയോജനപ്പെടുത്തുക. വ്യാപാരികള്‍ അമിതവില ഈടാക്കുകയോ, കരിഞ്ചന്ത നടത്തുകയോ ചെയ്താല്‍ ലീഗല്‍ മെട്രോളജി വകുപ്പിനെയോ കണ്‍സ്യൂമര്‍ അഫയേഴ്‌സ് അധികൃതരെയോ അറിയിക്കുക.


Read News

Back to top button