BUSINESS

വീണ്ടും അംബാനിയുടെ ടെലികോം യുദ്ധം, നിക്ഷേപം 1,00,000 കോടിയിൽ പരം; ബഹിരാകാശത്തും ‘ജിയോ മാജിക്ക്’


Mukesh Ambani Reliance Jio: ജിയോ എന്ന ഒറ്റ സംരംഭം കൊണ്ട് മുകേഷ് അംബാനി ഇന്ത്യയുടെ ടെലികോം വിപണിയിൽ കൊണ്ടുവന്ന വിപ്ലവം എത്രമാത്രമാണെന്ന് ആരോടും പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? 2016 വരെ വലിയ വിലകൊടുത്ത് പിശുക്കി ഉപയോഗിച്ചിരുന്ന ഡാറ്റ, സൗജന്യമായി നൽകികൊണ്ടായിരുന്നു എല്ലാത്തിന്റെയും തുടക്കം. നിലവിൽ ജിയോ മറ്റൊരു മുന്നേറ്റത്തിനായി കോപ്പുകൂട്ടുകയാണ്. ഇത്തവണ മുകേഷ് അംബാനി ഇന്ത്യയുടെ ഡിജിറ്റൽ ഭൂപ്രകൃതിയെ മാറ്റിമറിക്കാൻ ശ്രമിക്കുന്നു. അതും ബഹിരാകാശത്ത് നിന്ന്. ജിയോയുടെ വമ്പൻ സാറ്റലൈറ്റ് ഇന്റർനെറ്റ് പദ്ധതി ആഗോളതലത്തിൽ തന്നെ ചർച്ചയാകുകയാണ്. ഇപ്പോഴും മികച്ച ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത നിരവധി പ്രദേശങ്ങൾ ഇന്ത്യയിലുണ്ട്. എന്നാൽ അംബാനിയുടെ ഈ പുതിയ പദ്ധതി നടപ്പാകുന്നതോടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ടെലികോം വിപ്ലവം സാധ്യമാകും. ഇതോടെ ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ. അംബാനിയുടെ ബഹിരാകാശ അധിഷ്ഠിത സാറ്റലൈറ്റ് ഇന്റർനെറ്റ് പദ്ധതിയെ പറ്റി നിലവിൽ ലഭ്യമായ വിവരങ്ങളാണ് താഴെ നൽകുന്നത്. അംബാനിയുടെ ബഹിരാകാശ പദ്ധതികൾഅംബാനിയുടെ റിലയൻസ് ജിയോ സാറ്റ്‌ലൈറ്റ് പദ്ധതി നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ്. ലോക കോടീശ്വരൻ ഇലോൺ മസ്‌ക്, ആമസോൺ പോലുള്ള വമ്പൻമാർ കളിക്കുന്ന കളത്തിലേയ്ക്കാണ് അംബാനി എത്തുന്നത്. മസ്‌കിന്റെ സ്റ്റാർലിങ്കും, ആമസോണിന്റെ പ്രൊജക്റ്റ് കുയിപ്പർ ഇന്ത്യയിൽ സമാന സേവനങ്ങൾ നൽകാനുള്ള കരുക്കൾ നീക്കുന്നതിനിടെയാണ് അംബാനി സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 650 കിലോമീറ്റർ ഉയരത്തിൽ ഏകദേശം 1,600 മുതൽ 1,650 വരെ ഉപഗ്രഹങ്ങൾ വിന്യസിക്കാനാണ് ജിയോ പദ്ധതിയിടുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയ്ക്ക് മേൽ ഒരു കൂറ്റൻ ഉപഗ്രഹ ശൃംഖല തന്നെ റിലയൻസ് തീർക്കും. ഇതിനുള്ള പ്രാഥമിക സാങ്കേതിക അനുമതി ഇന്ത്യൻ ബഹിരാകാശ അതോറിറ്റിയായ ‘IN-SPACe’-ൽ നിന്ന് കമ്പനി നേടിക്കഴിഞ്ഞു. പറക്കുന്ന വേഗം രാജ്യത്ത് 5ജി എത്തിയെന്ന് പറയുമ്പോഴും പലയിടങ്ങളിലും ഇന്നും ഇന്റർനെറ്റ് സ്പീഡ് വലിയ ചർച്ചാവിഷയം തന്നെയാണ്. എന്നാൽ ജിയോയുടെ സാറ്റ്‌ലൈറ്റ് ഇന്റർനെറ്റ് ഇത്തരം അപവാദങ്ങൾ എല്ലാം ഇല്ലാതാക്കുമെന്നാണ് വിലയിരുത്തൽ. ഈ സാറ്റലൈറ്റ് ശൃംഖല വഴി സെക്കൻഡിൽ 4.5 മുതൽ 5 ടെറാബൈറ്റ് (Tbps) വരെ വേഗതയുള്ള ബാൻഡ്വിഡ്ത്ത് ശേഷി രാജ്യത്ത് ഒരുക്കാൻ സാധിക്കും.ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്‌നലുകൾ സ്വീകരിക്കുന്നതിനും, നിയന്ത്രിക്കുന്നതിനുമായി ഇന്ത്യയിലുടനീളം 20 മുതൽ 22 വരെ വലിയ ഗ്രൗണ്ട് സ്റ്റേഷനുകൾ റിലയൻസ് സ്ഥാപിക്കുമെന്നാണ് വിലയിരുത്തൽ. കേബിളുകളോ, മൊബൈൽ ടവറുകളോ ഇല്ലാതെ തന്നെ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് കണക്റ്റിവിറ്റി നൽകുന്ന ‘ഡയറക്ട്-ടു-ഡിവൈസ്’ സേവനങ്ങളും ഇതിന്റെ ഭാഗമായിരിക്കും. ആപ്പിളടക്കം പല മൊബൈൽ കമ്പനികളും നിലവിൽ അവരുടെ ഡിസൈവസുകളിൽ ഇതിനുള്ള മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. രാജ്യത്തിനും ജനങ്ങൾക്കും വൻ നേട്ടംനിലവിൽ മൊബൈൽ ടവറുകളോ, ഫൈബർ കേബിളുകളോ ലഭ്യമല്ലാത്ത ഇടങ്ങളും ഡിജിറ്റലാകുമെന്നതാണ് പ്രധാന നേട്ടം. വിദേശ സാറ്റലൈറ്റ് കമ്പനികളെ ആശ്രയിക്കാതെ തന്നെ ഇന്ത്യയുടെ സ്വന്തം ശൃംഖല വഴി ആശയവിനിമയം നടത്താം. ഇത് രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങൾക്കും തന്ത്രപ്രധാനമായ ആശയവിനിമയങ്ങൾ നടത്താൻ സാധിക്കും. ഇത് ദേശീയ സുരക്ഷ ശക്തമാക്കുന്നു. ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക്, ആമസോണിന്റെ പ്രൊജക്റ്റ് കുയിപ്പർ തുടങ്ങിയ ആഗോള ഭീമന്മാരുടെ സാറ്റ്‌ലൈറ്റ് ഇന്റർനെറ്റ് പ്ലാനുകൾ കണ്ട് പല ഇന്ത്യക്കാരും കണ്ണുത്തള്ളിയിരിക്കുകയാണ്. ഇങ്ങോട്ടാണ് അംബാനിയുടെ കടന്നുവരവ്. ജിയോയുടെ അതേ മാജിക്ക് അംബാനിയിൽ നിന്ന് വീണ്ടും പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ബിസിനസ് തന്ത്രങ്ങൾ അംബാനിയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. എത്ര വലിയ ടവർ നെറ്റ്‌വർക്ക് ഉണ്ടെന്നു പറഞ്ഞാലും പ്രകൃതിദുരന്തങ്ങളിൽ ഭൂമിയിലെ കമ്മ്യൂണിക്കേഷൻ തടസപ്പെടുന്നത് പതിവാണ്. എന്നാൽ സാറ്റലൈറ്റ് വഴിയുള്ള ആശയവിനിമയ സംവിധാനം തടസപ്പെടില്ല. ഇത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വലിയ നേട്ടമാകും.വമ്പൻ പദ്ധതി കാര്യങ്ങൾ വളരെ നിസാരമെന്ന് തോന്നുമെങ്കിലും കാര്യങ്ങൾ അങ്ങനെയല്ല. ഈ വൻകിട ബഹിരാകാശ പദ്ധതിക്കായി ജിയോ ഏകദേശം 10 മുതൽ 15 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതായത് ഏകദേശം 95,000 കോടി മുതൽ 1,41,500 കോടി രൂപ വരെ. അടുത്ത 2 മുതൽ 3 വർഷത്തിനുള്ളിൽ ഈ തുക വിനിയോഗിച്ച് പദ്ധതി പൂർണ്ണമായി യാഥാർത്ഥ്യമാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നു.


Read News

Back to top button