BUSINESS
‘ചെലവ് പോകട്ടെയെന്ന് വെക്കും’, ഇത് സൗദിയുടെ ചെങ്കടൽ മാസ്റ്റർ പ്ലാൻ; ഹോർമുസിനെ ബൈപാസ് ചെയ്യുന്ന സഹസ്ര കോടികളുടെ പ്രൊജക്ട്

ഹോർമുസിനെ മറികടക്കാൻ സൗദി അറേബ്യയുടെ തന്ത്രപ്രധാന നീക്കം. ‘റെഡ് സീ’ പൈപ്പ് ലൈൻ ശേഷി വികസിപ്പിച്ച് പ്രതിദിനം 2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ നീക്കത്തിനാണ് ലക്ഷ്യമിടുന്നത്. സൗദിയുടെയും, സമീപ ഗൾഫ് രാജ്യങ്ങളുടെയും ക്രൂഡ്, ഗ്ലോബൽ വിപണിയിൽ എത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അഞ്ചു മാസമായിട്ടും പൂർണമായി അവസാനിക്കാത്ത ഇറാൻ യുദ്ധം ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തെ സാരമായി ബാധിച്ചിരുന്നു. ലോകത്തെ തന്ത്രപ്രധാന സമുദ്ര വാണിജ്യ പാതയായ ഹോർമുസിലൂടെ പോയ കപ്പലുകളെ ഇറാൻ ആക്രമിക്കുന്ന അവസ്ഥയുമുണ്ടായി. ഈ സാഹചര്യത്തിൽ റിസ്ക് കുറയ്ക്കാനാണ് ഗൾഫ് രാജ്യങ്ങൾ ഇതര മാർഗങ്ങൾ തേടുന്നത്. 1980കളിൽ നിർമിച്ച ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ നിലവിൽ പ്രവർത്തനക്ഷമമാണ്. എന്നാൽ ഒരു ദിവസം 7 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ മാത്രമാണ് ഇതിലൂടെ കടന്നു പോകുന്നത്. സൗദി അറേബ്യയുടെ കിഴക്കൻ ഓയിൽ ഫീൽഡുകളിൽ നിന്നുള്ള അസംസ്കൃത എണ്ണ ചെങ്കടലിലെ യാൻബു ടെർമിനലിലേക്കാണ് പോകുന്നത്. ഹോർമുസിൽ തടസ്സങ്ങളുണ്ടായ സമയത്ത് സൗദിയുടെ ഏറ്റവും പ്രധാനപ്പെട്ട എനർജി ഇൻഫ്രാസ്ട്രക്ചറായി ഇത് മാറിയിരുന്നു. പേർഷ്യൻ ഗൾഫിനെ ഏതാണ്ട് പൂർണമായിത്തന്നെ ബൈപാസ് ചെയ്ത് ദശലക്ഷക്കണക്കിന് ബാരൽ ക്രൂഡ് ഓയിലാണ് പൈപ് ലൈൻ വഴി കടന്നു പോയത്. ഈ സംവിധാനത്തിന്റെ ശേഷി ഇരട്ടിയാക്കി മാറ്റുക എന്ന ലക്ഷ്യമാണ് നിലവിൽ സൗദിക്കുള്ളത്. സമീപത്തുള്ള, കുവൈറ്റ് ഉൾപ്പെടെയുള്ള എണ്ണയുല്പാദക രാജ്യങ്ങളുമായി സൗദി ഇത് സംബന്ധിച്ച് പ്രാഥമികമായ ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഇറാഖിൽ നിന്ന് തുർക്കിയിലേക്കുള്ള , രാഷ്ട്രീയപരമായി തടസ്സങ്ങൾ നേരിരുന്ന പൈപ്പ് ലൈൻ മാത്രമാണ് കുവൈറ്റിന് മുന്നിലുള്ള ഓപ്ഷൻ. മറ്റൊരു ഗൾഫ് രാജ്യമായ ഖത്തർ, തങ്ങളുടെ എൽ.എൻ.ജി കയറ്റുമതി വർധിപ്പിക്കാൻ സൗദി അറേബ്യ വഴിയുള്ള ആൾട്ടർനേറ്റീവ് റൂട്ട് തിരയുകയുമാണ്. എന്നാൽ ഈ പ്രൊജക്ട് പൂർത്തിയാകാൻ ബില്യൺ കണക്കിന് ഡോളറുകൾ വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നുണ്ടായ സമീപ കാല സംഭവങ്ങൾ ഭീമമായ ചെലവ് പ്രശ്നമല്ലെന്ന നിലയിലേക്ക് കാര്യങ്ങൾ മാറ്റിമറിച്ചിരിക്കുകയാണ്. നിലവിൽ ഹോർമുസ് തുറന്നിട്ടുണ്ടെങ്കിലും യുദ്ധത്തിന് മുമ്പുള്ള നിലയിൽ ചരക്ക് നീക്കം നടക്കുന്നില്ല. ഭാവിയിൽ ഈ റൂട്ടിൽ പ്രശ്നങ്ങളുണ്ടായാലും തങ്ങളുടെ ക്രൂഡ് ബിസിനസിന് തടസ്സം നേരിടരുതെന്ന് സൗദിയും ഗൾഫ് രാജ്യങ്ങളും ആഗ്രഹിക്കുന്നു. ആഗോള ക്രൂഡ് വിപണിയിൽ സപ്ലൈ ഉറപ്പാക്കുന്ന ഒരു നീക്കം കൂടിയായി ചെങ്കടലിലെ സൗദിയുടെ പൈപ്പ് ലൈൻ മാറുകയും ചെയ്യും.
Read News


