NEWS

ആൺകുഞ്ഞിനായി കാത്ത കുടുംബത്തിലേക്ക് ഒന്നരക്കോടിയുടെ ലോട്ടറിയുമായി പെൺകുഞ്ഞ് ജനിച്ചു

അമൃത്സർ: ഇരുപത്തിനാലുകാരനായ യുധ്‌വീർ സിങ്ങിന്റെ ജീവിതത്തിൽ 2026 നവംബർ മാസം എന്നും ഓർമിക്കപ്പെടുന്ന ഒരേടായി മാറിയിരിക്കുകയാണ്. നവംബർ ആറാം തീയതി പിതൃത്വത്തിന്റെ മധുരം നുണഞ്ഞ യുധ്‌വീർ, തൊട്ടടുത്ത ദിവസം തന്നെ കോടീശ്വരനായി മാറി. പഞ്ചാബിലെ മൻസ ജില്ലയിൽ ആശാരിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന യുധ്‌വീർ, ഗർഭിണിയായ ഭാര്യ ഹർമനെ നവംബർ നാലിന് ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടുപോയ സമയത്താണ് പഞ്ചാബ് സർക്കാരിന്റെ ഒന്നരക്കോടി രൂപയുടെ ഒന്നാം സമ്മാനമുള്ള ലോട്ടറി ടിക്കറ്റ് വാങ്ങിയത്.

തങ്ങൾക്ക് ജനിക്കാൻ പോകുന്നത് ഒരു ആൺകുഞ്ഞ് ആയിരിക്കുമെന്നാണ് കുടുംബം ഏറെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, നവംബർ ആറിന് യുധ്‌വീറിന്റെ ഭാര്യയ്ക്ക് പിറന്നത് പെൺകുഞ്ഞായിരുന്നു. തൊട്ടടുത്ത ദിവസം ലോട്ടറി ഫലം പുറത്തുവന്നപ്പോൾ ഒന്നരക്കോടിയുടെ ഒന്നാം സമ്മാനം ആ കുടുംബത്തെ തേടിയെത്തി. ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവന്ന മകൾക്ക് ‘ബർകത്ത്’ എന്നാണ് യുധ്‌വീർ പേര് നൽകിയിരിക്കുന്നത്. ‘സമൃദ്ധി’ എന്നാണ് ഈ പേരിന്റെ അർത്ഥം. ജീവിതത്തിൽ ആദ്യമായാണ് യുധ്‌വീർ ഇത്തരമൊരു ലോട്ടറി ടിക്കറ്റ് വാങ്ങുന്നത് എന്നതും ഏറെ കൗതുകകരമാണ്. ലോട്ടറി എടുത്തപ്പോൾ ഭാര്യ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു എന്നത് മറ്റൊരു സത്യം.

വീട് നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ കടബാധ്യതകൾ വേഗത്തിൽ തീർക്കാൻ സാധിക്കുമെന്ന സന്തോഷത്തിലാണ് ഈ കുടുംബം. 2024-ലായിരുന്നു യുധ്‌വീറും ഹർമനും തമ്മിലുള്ള വിവാഹം. വായ്പകളെല്ലാം വീട്ടിയ ശേഷം ബാക്കിയുള്ള തുക മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കരുതിവെക്കാനാണ് ദമ്പതികളുടെ തീരുമാനം. മകളുടെ സുരക്ഷിതമായ ഭാവിക്കാണ് തങ്ങൾ ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ഈ കുടുംബം വ്യക്തമാക്കി.

Fashion ⏭️

Back to top button