HEALTH
രണ്ട് മാസമായി ശ്വാസനാളത്തിൽ കുടുങ്ങിയ മീൻമുള്ള് നീക്കി ആസ്റ്റർ മൻഖൂൽ ആശുപത്രി | Indian Expat Undergoes Successful Airway Extraction Surgery at Aster Dubai

ദുബൈ: രണ്ട് മാസത്തോളമായി കടുത്ത നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവിച്ച രോഗിയുടെ ശ്വാസനാളത്തിൽ നിന്ന് രണ്ട് സെന്റീമീറ്റർ വലിപ്പമുള്ള അസ്ഥി കണക്കേയുള്ള മീൻമുള്ള് ദുബൈ ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂലിലെ മെഡിക്കൽ ടീം വിജയകരമായി പുറത്തെടുത്തു. ഷാർജയിൽ താമസിക്കുന്ന 60 കാരനായ ഇന്ത്യൻ പ്രവാസി ഉണ്ണികൃഷ്ണൻ ശിവരാമനാണ് ഈ അപൂർവവും സങ്കീർണവുമായ ചികിത്സയിലൂടെ ആശ്വാസം കണ്ടെത്തിയത്. 2026 ജൂലൈ ഒന്നിനാണ് ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തിൽ ഉണ്ണികൃഷ്ണന്റെ ശ്വാസനാളത്തിലേക്ക് മിൽക്ക് ഫിഷിന്റെ അസ്ഥി കുടുങ്ങിയത്. തുടർന്ന് ആസ്റ്റർ ഖിസൈസ് ആശുപത്രിയിലും സി.ടി സ്കാനിങ്ങിനായി മറ്റ് ആശുപത്രികളിലും പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ, കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ആഗസ്റ്റ് 26ന് ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂലിലേക്ക് റഫർ ചെയ്യുകയായിരുന്നു. പരിശോധനയിൽ മുള്ള് വലത് ശ്വാസകോശത്തിലേക്ക് ലംബമായ നിലയിൽ കുടുങ്ങിക്കിടക്കുകയാണെന്നും അത് കാരണം ആ ഭാഗത്ത് കാര്യമായ വീക്കം രൂപപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. മൂർച്ചയുള്ളതും വലിയതുമായ മുള്ള് നീക്കം ചെയ്യുന്നത് ശ്വാസനാളത്തിലെ രക്തസ്രാവത്തിനും മറ്റ് സങ്കീർണതകൾക്കും കാരണമായേക്കാമെന്നതിനാൽ, പൾമോണോളജി, ഇ.എൻ.ടി, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ചേർന്നാണ് ആസൂത്രണം നടത്തിയത്. സ്പെഷലിസ്റ്റ് പൾമോണോളജിസ്റ്റ് ഡോ. ജോൽസാന അഗസ്റ്റിൻ, അനസ്തേഷ്യ ടീമിന്റെ പിന്തുണയോടെ ബ്രോങ്കോസ്കോപ്പി നടത്തി മുള്ള് മുകൾഭാഗത്തേക്ക് നീക്കി. തുടർന്ന് സ്പെഷലിസ്റ്റ് ഇ.എൻ.ടി ഡോ. ഭരത് നേരങ്കി സതീഷ് റാവു ലാറിങ്കോസ്കോപ്പിയും പ്രത്യേക ഫോഴ്സപ്പുകളും ഉപയോഗിച്ച് ശബ്ദനാളിക്ക് കേടുപാടുകൾ വരാതെ മുള്ള് പുറത്തെടുത്തു. വിവിധ വൈദ്യശാസ്ത്ര വിഭാഗങ്ങൾ ഏകോപിച്ച് നടത്തിയ കൃത്യമായ ഇടപെടലാണ് ഈ ശസ്ത്രക്രിയ വിജയകരമാക്കാൻ സഹായിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സങ്കീർണമായ രീതിയിൽ ശ്വാസനാളത്തിൽ ഇത്തരം വസ്തുക്കൾ കുടുങ്ങുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ ചെറുക്കാൻ കൃത്യമായ ആസൂത്രണം അത്യന്താപേക്ഷിതമായിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. 2026 സെപ്റ്റംബർ 11ന് വിജയകരമായി പൂർത്തിയായ ഈ ശസ്ത്രക്രിയക്ക് ശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ രോഗി ആശുപത്രി വിട്ടു. ആരോഗ്യനില പൂർണമായും വീണ്ടെടുത്ത രോഗി ഉണ്ണികൃഷ്ണൻ ശിവരാമൻ തനിക്ക് മികച്ച ചികിത്സ നൽകിയ ഡോ. ജോൽസാന, ഡോ. ഭരത് എന്നിവരുൾപ്പെടെയുള്ള ആസ്റ്റർ മൻഖൂൽ ഹോസ്പിറ്റലിലെ മുഴുവൻ മെഡിക്കൽ ടീമിനും തന്റെ നന്ദിയും സന്തോഷവും അറിയിച്ചു.
Life Style ⏭️




