കെജ്രിവാളിന്റെ വസതി വിവാദം: ടിക്കറ്റെടുത്ത് കാണാൻ ബിജെപി സജ്ജം

ന്യൂഡൽഹി ∙ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തന്റെ ഔദ്യോഗിക വസതി ആഡംബരത്തോടെ നവീകരിച്ചതിനെതിരെ ഉയർന്ന ആരോപണങ്ങൾക്കിടെ, പ്രസ്തുത ബംഗ്ലാവ് അടുത്തയാഴ്ച മുതൽ ടിക്കറ്റ് നിരക്കിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു കേജ്രിവാളിന്റെ വസതിയുടെ നവീകരണത്തിനായി ചെലവാക്കിയ വൻ തുക. ‘ശീഷ്മഹൽ’ അഥവാ ചില്ലുകൊട്ടാരം എന്ന പേര് നൽകി ബിജെപി ഇതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തങ്ങൾ അധികാരത്തിൽ വന്നാൽ ഈ വസതി മ്യൂസിയമാക്കി മാറ്റുമെന്ന വാഗ്ദാനം തിരഞ്ഞെടുപ്പിന് മുൻപേ ബിജെപി മുന്നോട്ടുവെച്ചിരുന്നു.
ബംഗ്ലാവിലെ സൗകര്യങ്ങളും ആഡംബരങ്ങളും നേരിട്ട് കാണാൻ പൊതുജനങ്ങൾ പ്രകടിപ്പിച്ച താല്പര്യം പരിഗണിച്ചാണ് ഇത്തരമൊരു നടപടിയെന്ന് പൊതുമരാമത്തു മന്ത്രി പർവേശ് വർമ വ്യക്തമാക്കി. സന്ദർശനം ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.




