ഗംഗയുടെ കൊലപാതകം: ഗോകുൽ വിവരം അറിയിച്ചത് ലോഡ്ജ് മാനേജർക്ക്, ബെംഗളൂരുവിലെത്തിയത് ജോലി തേടി

ബെംഗളൂരുവിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. സുഹൃത്തുമായുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പന്തളം കുരമ്പാല തെക്ക് ആതിരമല പാലിവേലിൽക്കുഴിയിൽ അനിൽ-ബിന്ദു ദമ്പതികളുടെ മകളായ ഗംഗ (22) ആണ് ബെംഗളൂരു ഒടിസി റോഡിലെ റിലെൻസി ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. താവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമാണ് ഈ ലോഡ്ജ് സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ കൊല്ലം സ്വദേശിയായ സുഹൃത്ത് ഗോകുൽ കൃഷ്ണയെ (23) പൊലീസ് പിടികൂടിയിട്ടുണ്ട്.
തൊഴിൽ അവസരങ്ങൾ തേടിയാണ് ഇരുവരും വ്യാഴാഴ്ച ബെംഗളൂരുവിലെത്തിയത്. ബിഎസ്സി നഴ്സിങ് ബിരുദധാരിയായ ഗോകുൽ, നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട കൺസൾട്ടൻസി ജോലികളിൽ ഏർപ്പെട്ടു വരികയായിരുന്നു. കഴിഞ്ഞ നാലു വർഷമായി ഇവർ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇവർക്കിടയിൽ ശക്തമായ വാക്കുതർക്കം ഉണ്ടാവുകയും, ഇതിനിടെ ഗോകുൽ കത്തി ഉപയോഗിച്ച് ഗംഗയെ ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗംഗ സംഭവസ്ഥലത്തുതന്നെ മരണത്തിനു കീഴടങ്ങി.




