ശുചിമുറിയിൽ പ്രസവം: നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ

അടിമാലി/കോട്ടയം ∙ തോക്കുപാറ ശങ്കുപ്പടിക്ക് അടുത്തുള്ള സൗഹൃദഗിരിയിൽനിന്ന് ലഭിച്ച നവജാത ശിശുവിന്റെ മൃതദേഹം ആൺകുട്ടിയുടേതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ സ്ഥിരീകരിച്ചു. അണുബാധയെത്തുടർന്നുണ്ടായ രക്തസ്രാവത്തിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. വീടിന്റെ ശുചിമുറിയിൽ വെച്ച് പ്രസവം നടന്നതായും, കുഞ്ഞിനെ അവിടെയുണ്ടായിരുന്ന പാത്രത്തിൽ വെച്ച് പിന്നീട് വീടിന് സമീപമുള്ള കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കടുത്ത രക്തസ്രാവത്തെ തുടർന്ന് ഈ മാസം 20-ാം തീയതി യുവതി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. പരിശോധനയിൽ യുവതി ഗർഭിണിയായിരുന്നുവെന്ന സംശയം തോന്നിയ ഡോക്ടർമാർ തുടർചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പോലീസ് യുവതിയുടെ വീടിന് പരിസരത്ത് നടത്തിയ തിരച്ചിലിലാണ് ഉറുമ്പും പുഴുക്കളും അരിച്ച് തിരിച്ചറിയാൻ പോലും സാധിക്കാത്ത നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ശിശുവിന്റെ മൃതദേഹം സംസ്കരിച്ചു.




