BUSINESS

പ്രതിരോധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പാക് നുഴഞ്ഞുകയറ്റം: വാട്‌സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്ക് കേന്ദ്രത്തിന്റെ സുരക്ഷാ മുന്നറിയിപ്പ്

ഓഫീസ് ആവശ്യങ്ങള്‍ക്കും മറ്റും പൊതു ഇടങ്ങളിലെ കമ്പ്യൂട്ടറുകളില്‍ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C) മുന്നറിയിപ്പ് നല്‍കുന്നു. എന്‍.എസ്.ജി, ഡി.ആര്‍.ഡി.ഒ തുടങ്ങി അൻപതിലധികം പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജന്റുമാര്‍ നുഴഞ്ഞുകയറിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നടപടി.

ദേശീയ സുരക്ഷയെ വരെ ബാധിക്കാവുന്ന തരത്തിലുള്ള ഗുരുതരമായ സൈബര്‍ ഭീഷണി ഉയര്‍ന്നുവെന്ന തിരിച്ചറിവാണ് ഇത്തരമൊരു കടുത്ത മുന്നറിയിപ്പിലേക്ക് അധികൃതരെ എത്തിച്ചത്. വ്യാജ ഇന്ത്യന്‍ നമ്പറുകള്‍ ഉപയോഗിച്ച് പാകിസ്ഥാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരന്മാര്‍ പ്രതിരോധ സേനകളുടെയും സുപ്രധാന സ്ഥാപനങ്ങളുടെയും ഗ്രൂപ്പുകളില്‍ അംഗങ്ങളായതായാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. എന്‍.എസ്.ജി, സി.ആര്‍.പി.എഫ്, ഡി.ആര്‍.ഡി.ഒ എന്നീ വിഭാഗങ്ങളിലെ നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്താനായിരുന്നു ഇവര്‍ ശ്രമിച്ചത്. സംശയം ഉയരാതിരിക്കാന്‍ യാതൊരു ഇടപെടലുകളും നടത്താതെ ‘ഡെഡ് മെമ്പര്‍’മാരായി ഇവര്‍ ഗ്രൂപ്പുകളില്‍ തുടരുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ഗ്രൂപ്പുകളിലും അടിയന്തര സുരക്ഷാ പരിശോധന നടത്താനും സംശയകരമായ നമ്പറുകള്‍ നീക്കം ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കമ്പ്യൂട്ടറുകളില്‍ ലോഗിൻ ചെയ്ത് വെക്കുന്ന വാട്‌സ്ആപ്പ് വെബ് സെഷനുകള്‍ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് I4C-ക്ക് കീഴിലുള്ള നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റ് (NCTAU) മുന്നറിയിപ്പ് നല്‍കുന്നു. അക്കൗണ്ടുകളുടെ നിയന്ത്രണം മറ്റൊരാളിലേക്ക് എളുപ്പത്തില്‍ എത്താന്‍ ഇത് വഴിയൊരുക്കുന്നു. ഇതുവഴി നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങള്‍ വായിക്കാനും നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് വ്യാജ സന്ദേശങ്ങള്‍ അയക്കാനും മറ്റുള്ളവര്‍ക്ക് സാധിക്കും. കൂടാതെ, സാമ്പത്തിക തട്ടിപ്പുകള്‍ക്കും (ഫിഷിംഗ്) സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും നിങ്ങളുടെ അക്കൗണ്ട് മറയാക്കാനും സാധ്യതയുണ്ട്.

ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക: പൊതുവായ കമ്പ്യൂട്ടറുകളോ സൈബര്‍ കഫേകളിലെ സൗകര്യങ്ങളോ വാട്‌സ്ആപ്പ് ഉപയോഗത്തിനായി ആശ്രയിക്കരുത്. ഓഫീസ് കമ്പ്യൂട്ടറുകളില്‍ ഉപയോഗിച്ച ശേഷം ലോഗ് ഔട്ട് ചെയ്യാന്‍ ഒരിക്കലും മറക്കരുത്. ബാങ്ക് സംബന്ധമായ വിവരങ്ങളോ പാസ്‌വേഡുകളോ ഔദ്യോഗിക രഹസ്യങ്ങളോ ഒരിക്കലും വാട്‌സ്ആപ്പിലൂടെ പങ്കുവെക്കരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ അപരിചിതമായ കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കേണ്ടി വന്നാല്‍ ബ്രൗസറിലെ ‘ഇന്‍കോഗ്നിറ്റോ മോഡ്’ (Incognito Mode) മാത്രം തിരഞ്ഞെടുക്കുക. നിങ്ങളുടെ അക്കൗണ്ട് മറ്റേതെങ്കിലും ഉപകരണത്തില്‍ ലോഗിന്‍ ആയിട്ടുണ്ടോ എന്ന് എപ്പോഴും ഉറപ്പുവരുത്താന്‍ ഫോണിലെ ‘Linked Devices’ വിഭാഗം ഇടയ്ക്കിടെ പരിശോധിക്കണം. അനാവശ്യമായ ലോഗിനുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അവ നീക്കം ചെയ്യുക.

Read News

Back to top button