NEWS

ഗംഗാ നദീജല കരാർ: നിലപാടിൽ മാറ്റവുമായി ബംഗ്ലാദേശ്, ഇന്ത്യയുടെ ഇടപെടൽ തേടുന്നു

ധാക്ക ∙ 1996-ലെ ഗംഗാ നദീജല പങ്കിടൽ ഉടമ്പടിയുടെ കാര്യത്തിൽ ബംഗ്ലദേശ് തങ്ങളുടെ മുൻ നിലപാടിൽ അയവ് വരുത്തിയതായാണ് വിവരം. നിലവിലുള്ള കരാർ മാറ്റി പുതിയൊരെണ്ണം വേണമെന്ന നേരത്തെയുള്ള ആവശ്യത്തിൽ നിന്ന് പിന്മാറിയ ബംഗ്ലദേശ്, വരും ഡിസംബർ 12-ഓടെ കാലാവധി തീരുന്ന കരാർ പുതുക്കുന്നതിനായി ഇന്ത്യൻ ഭരണകൂടം മുൻകൈയെടുക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചു.

നേരത്തെ, വേനൽക്കാലത്ത് അർഹമായ വെള്ളം ലഭ്യമാക്കുന്ന രീതിയിൽ കരാറിൽ മാറ്റങ്ങൾ വരുത്തണമെന്നും ഇതിനായി ഇന്ത്യ പ്രത്യേക സാങ്കേതിക സമിതിയെ ചുമതലപ്പെടുത്തണമെന്നുമാണ് ബംഗ്ലദേശ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അന്താരാഷ്ട്ര അതിർത്തി കടന്നൊഴുകുന്ന നദികളിലെ ജലവിഹിതം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ ‘ജോയിന്റ് റിവർ കമ്മീഷൻ’ എന്ന സംവിധാനം നിലവിലുണ്ടെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്.

‘‘കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാവിധ ഒരുക്കങ്ങളും ഞങ്ങൾ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. ഗംഗാജല വിതരണത്തിൽ നീതിപൂർവമായ നടപടികൾ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്’’– ഗംഗാ കരാർ സംബന്ധിച്ച പത്തംഗ വിദഗ്ധ സമിതിയുടെ തലവനും പ്രധാനമന്ത്രിയുടെ ധനകാര്യ-ആസൂത്രണ ഉപദേഷ്ടാവുമായ റാഷിദ് തിതുമിർ മാധ്യമപ്രവർത്തകരോട് ഇക്കാര്യം വ്യക്തമാക്കി.

Fashion ⏭️

Back to top button